c

കൊല്ലം: സ്‌പ്രിംഗ്ലർ മുതൽ ആഴക്കടൽ അഴിമതി വരെ പരിശോധിക്കുമ്പോൾ പിണറായി വിജയൻ കോർപ്പറേറ്റുകളുടെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണെന്ന് മനസിലാകുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ തൃക്കരുവ മണ്ഡലത്തിലെ സ്വീകരണ പര്യടനം അഷ്ടമുടി മുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുറത്തുവന്ന അഴിമതികളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നത് പകൽ പോലെ വ്യക്തമാണ്. കൊല്ലം മണ്ഡലത്തിൽ 1330 കോടി രൂപയുടെ വികസനമുണ്ടാക്കിയെന്ന എം. മുകേഷിന്റെ അവകാശവാദം ബഡായി ബംഗ്ലാവിലെ ബഡായി പറച്ചിൽ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ചെറുകര രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എ.കെ. ഹഫീസ്, രത്നകുമാർ, കോയിവിള രാമചന്ദ്രൻ, രഘു പാണ്ഡവപുരം, ഓമനകുട്ടൻപിള്ള, ഞാറയ്ക്കൽ സുനിൽ, സരസ്വതി രാമചന്ദ്രൻ, ഡാഡുകോടിൽ, പ്രാക്കുളം പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.