കൊല്ലം: ലഡാക്കിൽ ട്രക്ക് മറിഞ്ഞ് മരിച്ച ജവാൻ പുത്തൂർ മാവടി തെങ്ങുവിള ജംഗ്ഷൻ അഭിലാഷ് ഭവനിൽ അഭിലാഷ് കുമാറിന് (35) ജന്മനാടിന്റെ അശ്രുപൂജ. ധീരജവാനെ ഒരുനോക്ക് കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ആളുകൾ വീട്ടുവളപ്പിൽ തടിച്ചുകൂടിയിരുന്നു.
ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പ് അധികൃതരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. ആംബുലൻസിൽ കൊട്ടാരക്കരയിലെത്തിച്ച ശേഷം പത്തരയോടെ വിലാപയാത്രയായി പുത്തൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നു. വൻജനാവലിയുടെ മുന്നിൽ മൃതദേഹം പൊതുദർശനത്തിന് വച്ചതോടെ അടക്കാനാകാത്ത സങ്കടത്താൽ പലരും വിങ്ങിപ്പൊട്ടി.
ഉച്ചയ്ക്ക് ശേഷം പൂർണ സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കാരിച്ചു. അഭിലാഷ് കുമാറിനെ പുതപ്പിച്ച ദേശീയപതാക ഭാര്യ രഞ്ജിനിക്ക് സൈനിക ഉദ്യോഗസ്ഥൻ കൈമാറിയത് വികാരനിർഭര നിമിഷങ്ങൾക്കിടയാക്കി. ചടങ്ങുകൾ നടക്കുമ്പോൾ അഞ്ചുവയസുകാരൻ മകൻ അഭിഷേക് ഒന്നും മനസിലാകാതെ കളിചിരികളിലായിരുന്നു. ഈ മാസം 28നാണ് വാഹന വ്യൂഹത്തിനൊപ്പം പോകുന്നതിനിടെ അഭിലാഷ് സഞ്ചരിച്ച ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞത്.