election

കൊല്ലം: വിജയമുറപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒന്നൊന്നായി പുറത്തിറക്കി മുന്നണികൾ. പ്രായമായവർ, യുവജനങ്ങൾ, വീട്ടമ്മമാർ എന്നിങ്ങനെ വോട്ടർമാരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പ്രചാരണം മുന്നേറുന്നത്. ഓരോ ജനവിഭാഗങ്ങളെയും പ്രത്യേകം ആകർഷിക്കും വിധമുള്ള പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും സമ്മേളനങ്ങളിലും വീടുകയറിയുള്ള പ്രചാരണത്തിലും ഇടംനേടുകയാണ്. എതിർചേരിക്കാരുടെ 'ഉറപ്പുകൾ' വെറും പാഴ്വാക്കുകൾ മാത്രമെന്ന ആക്ഷേപമുന്നയിച്ച് പ്രതിരോധിക്കാനും മുന്നണികൾ ശ്രദ്ധിക്കുന്നുണ്ട്.

 കൈനിറയെ പെൻഷൻ ഉറപ്പാണ്

സാമൂഹ്യ സുരക്ഷാ പെൻഷൻ കണക്കുകളുമായി മുതിർന്ന വോട്ടർമാരെ കൈയിലെടുക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രതിമാസം 1600 രൂപയായിരുന്ന പെൻഷൻ 2500 ആക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനമാണ് എൽ.ഡി.എഫ് ഉയർത്തുന്നത്. 3000 രൂപ വീതം നൽകുമെന്ന വാഗ്ദാനവുമായി യു.ഡി.എഫും 3500 ആക്കുമെന്നറിയിച്ച് എൻ.ഡി.എയും എൽ.ഡി.എഫിനെ പ്രതിരോധിക്കുന്നുണ്ട്.

അധികാരത്തിലെത്തിയാൽ ആശുപത്രിയിലെ ചികിത്സാ ചെലവുകൾ പൂർണമായും സർക്കാർ വഹിക്കുമെന്നും യു.ഡി.എഫ് പ്രവർത്തകരുടെ ഉറപ്പ്. സംസ്ഥാന സർക്കാർ നൽകുന്ന പെൻഷനും ചികിത്സാ സൗകര്യങ്ങൾക്കുമുള്ള തുക കേന്ദ്രഫണ്ടിൽ നിന്നാണെന്നാണ് എൻ.ഡി.എയുടെ വാദം. മുതിർന്ന കർഷകർക്കും പ്രായമായവർക്കുമായുള്ള ഇൻഷ്വറൻസും അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന 6000 രൂപയും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

 വീട്ടമ്മമാർക്ക് പ്രതിമാസം 2000

അകത്തളങ്ങളിലെ ജോലികൾക്കുള്ള അംഗീകാരമായി 40നും 60നും മദ്ധ്യേ പ്രായമുള്ള വീട്ടമ്മമ്മാർക്ക് പ്രതിമാസം രണ്ടായിരം രൂപ നൽകുമെന്നാണ് യു.ഡി.എഫിന്റെ പുത്തൻ വാഗ്ദാനം. നേരത്തെ പ്രഖ്യാപിച്ച ന്യായ് പദ്ധതി പ്രകാരം വർഷംതോറും നൽകുന്ന 72,000 രൂപയ്ക്ക് പുറമെയാകുമിത്. പാവപ്പെട്ട വീട്ടമ്മമാർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ കൊടുത്തവരാണ് ബി.ജെ.പി സർക്കാരെന്നാണ് എൻ.ഡി.എ പ്രവർത്തകർ സമർത്ഥിക്കുന്നത്. വീട്ടമ്മമാർക്കും ജോലിയുള്ള സ്ത്രീകൾക്കും വരുമാന നികുതിയിലടക്കം ഇളവുകൾ നൽകിയ മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് തന്നെ വോട്ട് ചെയ്യണമെന്നാണ് അവരുടെ ആവശ്യം.

അധികാരത്തിൽ വരാനുള്ള യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും തന്ത്രം മാത്രമാണ് ഇവയെന്നാണ് ഇടതുമുന്നണിയുടെ വാദം. പാചകവാതക വില വർദ്ധനവിലൂടെ ദുരിതമനുഭവിക്കുന്ന വീട്ടമ്മമാർ തിരഞ്ഞെടുപ്പ് കാലത്ത് കഴിഞ്ഞതൊന്നും മറക്കില്ലെന്നും അവർ പറയുന്നു.

 പി.എസ്.സിയും സ്ത്രീ സുരക്ഷയും ചർച്ചയാകും

യുവജനങ്ങളെയും കന്നി വോട്ടർമാരെയും സ്വാധീനിക്കാൻ മുന്നണികൾ തമ്മിൽ മത്സരത്തിലാണ്. ഭൂരിപക്ഷത്തെ സ്വാധീനിക്കുന്ന പുതിയ വോട്ടർമാർ മുന്നണികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പി.എസ്.സി നിയമനത്തിലെ കാലതാമസവും പിൻവാതിൽ നിയമനവും യു.ഡി.എഫും എൻ.ഡി.എയും ചർച്ചയാക്കുകയാണ്. കേരളത്തിൽ ഏറ്റവും കൂടുൽ പേർക്ക് ജോലി കിട്ടിയത് ഇടതുസർക്കാരിന്റെ കാലത്താണെന്നാണ് എൽ.ഡി.എഫ് പ്രവർത്തകരുടെ പക്ഷം. യുവജനങ്ങളെ തങ്ങൾക്കൊപ്പമാക്കാൻ സ്ത്രീശാക്തീകരണവും സ്വയംതൊഴിൽ വായ്പാ പദ്ധതിയും ഉൾപ്പെടെ മുന്നണികൾ ചർച്ചാവിഷയമാക്കുന്നുണ്ട്.