unnimon

തൃശൂർ: ദിവസവും 50 കിലോമീറ്ററിലേറെ യാത്ര ചെയ്യും ഉണ്ണിമോൻ. ബസിലും ബൈക്കിലുമല്ല, സൈക്കിളിൽ. സിമന്റ്‌ പണിക്കാരനാണ്. വീട്ടുകാര്യങ്ങൾക്കെന്ന പോലെ അയൽവാസികളുടെ ആവശ്യങ്ങൾക്കുമായി സൈക്കിളിൽ തന്നെയാണ് യാത്ര.

തൃശൂർ - മെഡിക്കൽ കോളേജ് റൂട്ടിലെ ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ഉണ്ണിമോൻ സുപരിചിതനാണ്. ആ സൈക്കിൾ ബെൽ അതിനേക്കാളേറെ പരിചിതം. വെളപ്പായ ചൈന ബസാറിലെ ആലേങ്ങാട്ടിൽ വീട്ടിൽ നിന്ന് പുറപ്പെടുന്നതും തിരിച്ചെത്തുന്നതും സൈക്കിളിൽ തന്നെ. പ്രഭാത വ്യായാമത്തിനിറങ്ങുന്നവർക്കും തൊട്ടടുത്ത കവലയിലിരുന്ന് ലോകകാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നവർക്കും ഉണ്ണിമോന്റെ സൈക്കിൾ ശബ്ദം കേട്ടാൽ അറിയാം.

55 വയസ് പിന്നിട്ടെങ്കിലും സൈക്കിൾ സവാരിയോടുള്ള ഭ്രമം ഉപേക്ഷിക്കാനൊരുക്കമല്ല ഉണ്ണിമോൻ. ഇപ്പോൾ 20 വർഷത്തിലേറെ പിന്നിട്ടിരിക്കുന്നു. ചെറുപ്രായത്തിലേ തുടങ്ങിയതാണ് സൈക്കിൾ സവാരിയിലുള്ള അഭിനിവേശം. തലസ്ഥാന നഗരിയിലേക്കായാലും മെട്രോ നഗരമായ കൊച്ചിയിലേക്കായാലും ഉണ്ണിമോൻ സൈക്കിളിലേ പോകൂ.

ആരോഗ്യവും ഡബിൾ ഓക്കെ...

സൈക്കിൾ സവാരി ശീലമാക്കിയതിനാലാകാം സാധാരണ ഈ പ്രായക്കാർക്കൊപ്പമുണ്ടാകാറുള്ള പ്രമേഹത്തിനോ രക്തസമ്മർദ്ദത്തിനോ കൊളസ്‌ട്രോളിനോ ഉണ്ണിമോനെ കീഴ്‌പ്പെടുത്താനായിട്ടില്ല. പ്രസ് ജീവനക്കാരിയായ ഭാര്യ സരസ്വതിക്കും നഴ്‌സിംഗ് ബിരുദധാരിയായ മകൾ സൗമ്യയ്ക്കും മകൻ പ്ലസ് വൺ വിദ്യാർത്ഥി മനുകൃഷ്ണനും ഈ സൈക്കിൾ ഭ്രമത്തോട് വലിയ മമതയില്ല. എങ്കിലും അവർ നിരുത്സാഹപ്പെടുത്താറില്ല. എല്ലാ ദിവസവും യാത്രക്കിറങ്ങുമ്പോൾ സൈക്കിളിൽ ഗ്രീസിടുകയും ടയറിൽ കൃത്യമായി കാറ്റുണ്ടോയെന്നും ഉറപ്പാക്കും. സൈക്കിളിന്റെ പ്രവർത്തനം ശരിയല്ലെങ്കിൽ അത് മാറ്റി പുതിയത് വാങ്ങാനും മടിയില്ല. അഞ്ചെണ്ണമെങ്കിലും ഇത്തരത്തിൽ ഇക്കാലത്തിനിടെ മാറ്റിയിട്ടുണ്ടാകും. പക്ഷേ ഇന്നും മുറത്തേക്കിറങ്ങി ചെരുപ്പിട്ടാൽ അടുത്ത കാല് സൈക്കിളിന്റെ പെഡലിലേക്കെന്ന ശീലത്തിന് യാതൊരു മാറ്റവുമില്ല.

20 വർഷത്തിലേറെയായി സൈക്കിൾ യാത്ര തുടങ്ങിയിട്ട്. വ്യായാമത്തോടൊപ്പം പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കാറ്റും കുളിരുമേറ്റ് യാത്ര ആസ്വാദ്യകരമാക്കുക എന്നതാണ് സൈക്കിൾ സവാരിക്ക് പിന്നിലെ താൽപര്യം.

ഉണ്ണിമോൻ