ldf

തൃശൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്കൊടിക്കുടകൾ 12 എണ്ണം ചൂടിയ തൃശൂരിൽ, ഇക്കുറിയും മുൻതൂക്കം ഇടത്തോട്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഭരണവിരുദ്ധവികാരം, വിശ്വാസികളുടെ എതിർപ്പ്, നിയമനവിവാദം എന്നിവയെല്ലാം കൂടിച്ചേരുമ്പോൾ ഇടതുകോട്ടകൾ തകരുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ജില്ലയിൽ ബി.ജെ.പിയുടെ സ്വാധീനം കൂടിവരുന്നത് മറ്റ് രണ്ട് മുന്നണികളുടേയും കണക്കുകൂട്ടലുകളെ തകർക്കുമെന്ന പ്രതീക്ഷകളാണ് എൻ.ഡി.എയ്ക്ക്.
ഒറ്റവാക്കിൽ, പൊടിപൂരം തന്നെയാകും പോരാട്ടം. അതേസമയം, സ്ഥാനാർത്ഥികൾ ആരാകുമെന്ന ചോദ്യമാണ് മൂന്ന് മുന്നണികളിലും ഉയരുന്നത്. മണ്ഡലം ഉറപ്പിച്ച സ്ഥാനാർത്ഥികൾ മൂന്ന് മുന്നണികളിലും ഒന്നോ രണ്ടോ മാത്രം. വിജയസാദ്ധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുന്നണികളുടെ മാനദണ്ഡം. അതുകൊണ്ടു തന്നെ, ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമാകാനുളള ശ്രമങ്ങളാണ് അണിയറയിൽ.

കുത്തകമണ്ഡലങ്ങൾ കുറവ്

1957 മുതൽ പരിശോധിച്ചാൽ, ഒരു മുന്നണിയെ മാത്രം തുണച്ച കുത്തകമണ്ഡലങ്ങൾ കുറവാണ്. നാട്ടിക പൊതുവേ ഇടതിനോടൊപ്പമായിരുന്നു. ചാലക്കുടി, ചേലക്കര, ഗുരുവായൂർ മണ്ഡലങ്ങൾ ഒന്നര പതിറ്റാണ്ടോളമായി എൽ.ഡി.എഫിനൊപ്പമാണ്. വടക്കാഞ്ചേരി, തൃശൂർ, ഇരിങ്ങാലക്കുട, മണലൂർ മണ്ഡലങ്ങളിൽ യു.ഡി.എഫിന് സ്വാധീനമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും ഇരിങ്ങാലക്കുടയിലും കുന്നംകുളത്തും എൽ.ഡി.എഫിന് 10,000 ൽ താഴെയാണ് ഭൂരിപക്ഷമെന്നതും കണക്കാക്കണം. ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ മണ്ഡലങ്ങളിൽ ക്രൈസ്തവസഭയുടെ നിലപാട് സ്വാധീനമുണ്ടാക്കും. ഈഴവ, നായർ, തീരമേഖലയിലെ ധീവര, മുസ്ലിം സ്വാധീനവും നിർണ്ണായകം തന്നെ.

അനുകൂലഘടകങ്ങൾ

എൽ.ഡി.എഫ്

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിലെ മിന്നുംജയം.
കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോർപറേഷനിൽ തുടർഭരണം.
ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനിൽ 24 എണ്ണം.
ഏഴിൽ അഞ്ച് നഗരസഭകളിലും ഭരണം.
ലൈഫ് മിഷൻ അഴിമതി ആരോപണമുയർന്ന വടക്കാഞ്ചേരി നഗരസഭയിലും കേവലഭൂരിപക്ഷം.
86 ൽ 62 ഗ്രാമപഞ്ചായത്തുകളിലും കേവല ഭൂരിപക്ഷത്തോടെ ഭരണം.

യു.ഡി.എഫ്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയ ജയങ്ങൾ
തൃശൂർ, ചാലക്കുടി, ആലത്തൂർ പാർലമെന്റ് മണ്ഡലങ്ങളിലെ നിയമസഭാമണ്ഡലങ്ങളിൽ മുന്നിൽ.
തൃശൂർ ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫിനെ മൂന്നാമതാക്കി
സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് വിവാദം
ഗ്രൂപ്പുകൾക്ക് അതീതമായ കോൺഗ്രസിന്റെ ഒത്തിണക്കം

എൻ.ഡി.എ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂരിൽ രണ്ടാമതെത്തി
തൃശൂർ, മണലൂർ, കൊടുങ്ങല്ലൂർ, നാട്ടിക, പുതുക്കാട് മണ്ഡലങ്ങളിൽ സ്വാധീനം കൂടി
കേന്ദ്രസർക്കാരിന്റെ വികസനപ്രവർത്തനം ഉയർത്തിക്കാട്ടിയുളള പ്രചാരണം
വിശ്വാസികളേയും പിന്നാക്ക, ക്രൈസ്തവവിഭാഗങ്ങളേയും ഉൾക്കൊണ്ടുളള നയങ്ങൾ
തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഏകോപനത്തിനുമായി എത്തുന്ന കേന്ദ്രനേതാക്കളുടെ ജനസ്വാധീനം

ആകെ മണ്ഡലങ്ങൾ 13

എൽ.ഡി.എഫ് - ചേലക്കര, കുന്നംകുളം, ഗുരുവായൂർ, നാട്ടിക, കയ്പ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, തൃശൂർ, മണലൂർ
യു.ഡി.എഫ് - വടക്കാഞ്ചേരി (അനിൽ അക്കര വിജയിച്ചത് 43 വോട്ടുകൾക്ക്)