വലപ്പാട്: സർക്കാർ ആശുപത്രിയെ താലൂക്ക് തല ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി വിളിച്ചു ചേർത്ത കൺവെൻഷനിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സിനിമാ സംവിധായകൻ സിദ്ധിക്ക് ഷമീർ, സിനിമാ ആർട്ടിസ്റ്റ് ഷൈജൻ ശ്രീവത്സം, ബാപ്പു വലപ്പാട്, ഗോവിന്ദൻ മാസ്റ്റർ, അഡ്വ. ശോഭൻ കുമാർ, ടി.എ പ്രേം ദാസ്, കെ. ജി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സലിം വി. ദിവാകരന്റെ പ്രമേയം കൺവെൻഷൻ അംഗീകരിച്ചു. ആശുപത്രിയുടെ ഇന്നത്തെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ആശുപത്രിക്ക് മുമ്പിലും, പ്രധാന കവലകളിലും ബൂത്തുകെട്ടി ഒപ്പു ശേഖരിക്കുന്നതിനും, നിവേദനങ്ങൾ അധികാരികൾക്ക് നൽകുന്നതിനും, കൺവെൻഷൻ അംഗീകരിച്ച പ്രമേയം ഗ്രാമസഭകൾ മുതലുള്ള എല്ലാ അധികാര കേന്ദ്രങ്ങളിലേക്കും അയക്കാൻ തീരുമാനിച്ചു. തുടർ സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പി.എൻ പ്രോവിന്റ് ജനറൽ കൺവീനറായും, ടി.എ പ്രേമദാസ് കോർഡിനേറ്ററായും ജനകീയ സമരസമിതി വിപുലീകരിച്ചു.