
തൃശൂർ: സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിച്ചതോടെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള കരുനീക്കങ്ങൾ ശക്തമാകുന്നു. മൂന്നു മുന്നണികളിലും സ്ഥാനാർത്ഥി മോഹികൾ ഏറെയാണ്. പതിവു പൊലെ കോൺഗ്രസിലിൽ തന്നെയാണ് ചരടുവലികൾ ഏറെ ശക്തം. ഡി.സി.സി. കഴിഞ്ഞ ദിവസം സമർപ്പിച്ച ലിസ്റ്റിൽ ഒരോ മണ്ഡലത്തിലും നാലും അഞ്ചും പേരാണ് ഉള്ളത്. ചുരുക്ക പട്ടിക നൽകാൻ സാധിക്കാത്തതിനാലാണ് ഓരോ മണ്ഡലത്തിലും ഇത്രയധികം പേരുടെ ലിസ്റ്റ് കൈമാറിയിരിക്കുന്നത്. ലിസ്റ്റിൽ കടന്നു കൂടിയവർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ചരടുവലികൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ചേലക്കര മണ്ഡലം ലീഗിന് കൈമാറുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനെതിരെ ജില്ലയിലെ കോൺഗ്രസിനുള്ളിൽ എതിർപ്പ് ശക്തമാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ തന്നെയാണ് ലിസ്റ്റുകൾ കൈമാറിയിരിക്കുന്നതെന്നാണ് വിവരം. ബി.ജെ.പിയിൽ എതാനും സീറ്റുകളിൽ ധാരണയായിട്ടുണ്ടെങ്കിലും ബി.ഡി.ജെ.എസുമായി സീറ്റ് ധാരണ പൂർത്തിയാവത്തതിനാൽ മുതിർന്ന നേതാക്കളെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട, തൃശൂർ മണ്ഡലങ്ങളിൽ ജില്ലയിൽ നിന്ന് പുറത്തുള്ളവർ വരാനുള്ള സാദ്ധ്യതയും ഉണ്ട്. മുൻ ഡി.ജി.പി ജേക്കബ്ബ് തോമസിനെ ഇരിങ്ങാലക്കുടയിലും തൃശൂരും പരിഗണിക്കുന്നുണ്ട്. ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമായ മണ്ഡലങ്ങളാണ് രണ്ടും എന്നത് തന്നെയാണ് ഇതിന് കാരണം. എൽ.ഡി.എഫിലും പരസ്യമായി സീറ്റിനു വേണ്ടിയുള്ള കടിപിടി നടക്കുന്നുണ്ട്. രണ്ട് തവണയിൽ കൂടുതൽ മത്സരിച്ചവരെ ഒഴിവാക്കുമെന്ന നേതൃത്വത്തിന്റെ തീരുമാനം വന്നാൽ പല മണ്ഡലങ്ങളിലും പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചേക്കും. മന്ത്രി എ.സി.മൊയ്തീൻ, സി. രവീന്ദ്രനാഥ്, ബി.ഡി.ദേവസി, കെ.വി.അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി എന്നിവരാണ് രണ്ട് തവണയും അതിൽ കൂടുതലും മത്സരിച്ചവർ. അത് കൊണ്ട് എതാനും പേരെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.