
തൃശൂർ : കുന്നംകുളം മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ജനം അധികം ഇഷ്ടം കൂടിയത് ചുവപ്പിനോട് തന്നെയാണ്. 1957ൽ രൂപീകരിച്ച മണ്ഡലത്തിൽ ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളിൽ പത്ത് തവണയും വിജയം ഇടതിനായിരുന്നു. 1957 ൽ സി.പി.ഐയിലെ ടി.കെ കൃഷ്ണനാണ് ആദ്യത്തെ എം.എൽ.എ. എന്നാൽ അറുപതിൽ നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ കൃഷ്ണനെ പരാജയപ്പെടുത്തി പി.ആർ കൃഷ്ണൻ കോൺഗ്രസിന് വിജയം സമ്മാനിച്ചു.
എന്നാൽ പിന്നീട് 77 വരെ സി.പി.എം കുന്നംകുളം കൈയടക്കി വച്ചു. എന്നാൽ കെ.പി വിശ്വനാഥനിലൂടെ 77 ൽ കോൺഗ്രസ് കുന്നംകുളം പിടിച്ചെടുത്തു. പിന്നീട് ആർക്കും മേധാവിത്വം നൽകാതെ കുന്നംകുളം നിലയുറപ്പിച്ചു. 82, 87 തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിലെ കെ.പി അരവിന്ദാക്ഷനും 91 ൽ കോൺഗ്രസിലെ ടി.വി ചന്ദ്രമോഹനനും വിജയം നേടി. തുടർന്ന് 96 ൽ എൽ.ഡി.എഫിലെ എൻ.ആർ ബാലനും 2001 ൽ യു.ഡി.എഫിലെ ചന്ദ്രമോഹനും വിജയം നേടി. പക്ഷേ പിന്നീടങ്ങോട്ട് തുടർച്ചയായി എൽ.ഡി.എഫിന്റെ വിജയമായിരുന്നു. രണ്ട് തവണ ബാബു എം. പാലിശേരിയും കഴിഞ്ഞ തവണ എ.സി മൊയ്തീനും കുന്നകുളത്തെ ചുവപ്പണിയിച്ചു.
മൊയ്തീൻ മാറുമോ ?
എൽ.ഡി.എഫിൽ മന്ത്രി എ.സി മൊയ്തീന് തന്നെയാണ് സാദ്ധ്യത. രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിറുത്താനാണ് അന്തിമ തീരുമാനമെങ്കിൽ മാത്രമേ മൊയ്തീന് പകരം മറ്റൊരാൾ രംഗത്ത് വരാൻ സാദ്ധ്യതയുള്ളൂ. അങ്ങനെ വന്നാൽ പി.കെ ബിജു, കെ.എസ്.കെ.ടി.യു നേതാവ് ടി.കെ വാസു, ഡി.വൈ.എഫ്.ഐ നേതാവായിരുന്ന പി.ബി അനൂപ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
യു.ഡി.എഫിൽ കഴിഞ്ഞ രണ്ട് തവണയും യു.ഡി.എഫിന്റെ ഘടക കക്ഷിയായ സി.എം.പിയിലെ സി.പി ജോൺ ആയിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നൽകണമെന്ന ആവശ്യം ശക്തമായതോടെ ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാദ്ധ്യതയുണ്ട്. കോൺഗ്രസിലെ കെ. അജിത്ത് കുമാർ, ടി.വി ചന്ദ്രമോഹൻ എന്നിവരിൽ ഒരാൾ സ്ഥാനാർത്ഥികളാകാൻ സാദ്ധ്യതയേറെയാണ്. കോൺഗ്രസിലെ ബ്ളോക്ക് പ്രസിഡൻ്റ് ജയശങ്കറിനെയും പരിഗണിക്കുന്നുണ്ട്.
ബി.ജെ.പിയിൽ നിന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ, അനീഷ് ഇയ്യാൽ എന്നിവരുടെ പേരുകളാണ് സജീവപരിഗണനയിലുളളത്.
മൂന്നുതവണ പ്രതിനിധീകരിച്ചത്
ടി.കെ കൃഷ്ണൻ
രണ്ട് തവണ
കെ.പി. വിശ്വനാഥൻ
കെ.പി അരവിന്ദാക്ഷൻ
ടി.വി ചന്ദ്രമോഹൻ
ബാബു എം. പാലിശേരി