thrissur

തൃശൂർ പൂരം ഇത്തവണ തിരഞ്ഞെടുപ്പ് പൂരത്തിന് പിൻപേയാണെത്തുക.

തൃശൂരുകാരുടെ കൺകുളിർപ്പിക്കുന്ന സാക്ഷാൽ പൂരം ഏപ്രിൽ 23 നാണ്. ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ് പൂരം കഴിഞ്ഞ് ആളൊഴിഞ്ഞ ശേഷമാവും കൊവിഡിൽ പ്രഭ മങ്ങിയേക്കാവുന്ന തൃശൂർ പൂരം അരങ്ങേറുക.

പൂരത്തിന് ഏഴുനാൾ മുൻപ് കൊടിയേറ്റത്തിനാണ് പൂരക്കൊടി നാട്ടുക. എന്നാൽ, തിരഞ്ഞെടുപ്പിന്റെ കൊടിയേറ്റവും കൊടിനാട്ടലുമെല്ലാം തൃശൂരിന്റെ മുക്കിലും മൂലയിലും തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഞൊടിയിടയിൽ പ്രചാരണപൂരം കൊടുമ്പിരികൊള്ളും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്കൊടിക്കുടകൾ 12 എണ്ണം ചൂടിയ ജില്ലയാണ് തൃശൂർ. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വെടിക്കെട്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും ചുവപ്പുകുടകൾ പാറിപ്പറന്നു. സംസ്ഥാനത്ത് ബി.ജെ.പി ശക്തി തെളിയിക്കുന്ന സ്റ്റാർ ജില്ല കൂടിയാണിത്. ജയത്തിൽ കുറഞ്ഞൊന്നും മൂന്നു മുന്നണികളും ആഗ്രഹിക്കുന്നില്ല. ചുരുക്കത്തിൽ പോരാട്ടം പൊടിപൂരമാകും.

തൃശൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, ചാലക്കുടി, പുതുക്കാട്, ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, കൊടുങ്ങല്ലൂർ എന്നിങ്ങനെ 13 മണ്ഡലങ്ങൾ. 2016 ലെ തിരഞ്ഞെടുപ്പിൽ ഇതിൽ 12 മണ്ഡലങ്ങളും ചെങ്കൊടിക്കൊപ്പമായി. 1996 ലെ ഇടതുതരംഗത്തിൽ രണ്ട് സീറ്റുകൾ നൽകിയ ജില്ലയിലാണ് കഴിഞ്ഞ തവണ യു.ഡി.എഫ് തകർന്ന് വീണത്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ, 43 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വടക്കാഞ്ചേരി ഒപ്പം നിന്നതു മാത്രമായിരുന്നു ആശ്വാസം. സ്ഥാനാർത്ഥികൾ ആരാകുമെന്ന ചോദ്യമാണ് മൂന്ന് മുന്നണികളിലും ഉയരുന്നത്. മണ്ഡലം ഉറപ്പിച്ച സ്ഥാനാർത്ഥികൾ മൂന്ന് മുന്നണികളിലും ഒന്നോ രണ്ടോ മാത്രം.

ലീഡറുടെ തട്ടകത്തിൽ കോൺഗ്രസിനെന്തു പറ്റിയെന്ന് ചോദിച്ചാൽ ലീഡറുടെ പഴയ മറുപടി തന്നെ പറയുന്നവരുണ്ട്, 'മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തിയെന്ന് '. അതെ, ഗ്രൂപ്പുകളുടെ പേരിൽ പോരടിച്ചപ്പോഴാണ് കഴിഞ്ഞതവണ കോൺഗ്രസ് തകർന്നത്. അടിത്തട്ടിൽ പണിയെടുക്കുന്നവരും ഇല്ലാതായെന്ന് അവർക്കറിയാം. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറി. ഒത്തിണക്കത്തോടെ, ഗ്രൂപ്പ് മറന്ന് ഒന്നാവാൻ തുടങ്ങിയിരിക്കുന്നു. ഭരണം കിട്ടിയില്ലെങ്കിൽ തകർച്ചയുടെ ആഴം കൂടുമെന്ന് നേതാക്കളും പ്രവർത്തകരും തിരിച്ചറിഞ്ഞിരിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല ഒപ്പം നിന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിന്. കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോർപ്പറേഷൻ ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനിൽ 24 എണ്ണം കീഴിലാക്കി. ഏഴിൽ അഞ്ച് നഗരസഭകളിൽ ഭരണം. ഇതിൽ, ലൈഫ് മിഷൻ അഴിമതി ആരോപണമുയർന്ന വടക്കാഞ്ചേരി നഗരസഭയിലുമുണ്ട് കേവല ഭൂരിപക്ഷം. 86 ഗ്രാമപഞ്ചായത്തിൽ 62 എണ്ണത്തിൽ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലുമെത്തി. പക്ഷേ, ഭരണവിരുദ്ധവികാരം, വിശ്വാസികളുടെ എതിർപ്പ്, നിയമനവിവാദം എന്നിവയെല്ലാം തിരിച്ചടിയാകുമെന്ന ഭയം അവർക്കുണ്ട്.

ജില്ലയിൽ ബി.ജെ.പിയുടെ സ്വാധീനം കൂടുന്നു എന്നതാണ് രണ്ട് മുന്നണികളേയും കുഴയ്‌ക്കുന്നത്. തിരഞ്ഞെടുപ്പ്,​ പ്രവചനങ്ങൾക്ക് അപ്പുറമാകുന്നതും അക്കാരണം കൊണ്ടു തന്നെ. എന്നാൽ നേതാക്കൾ തമ്മിലുളള ഒത്തിണക്കം കുറഞ്ഞുപോയെന്ന് പറയുന്നവരുണ്ട്. അതുമറികടന്നാൽ എൻ.ഡി.എ.യ്ക്കാെപ്പമാകും കാറ്റ്.

തൃശൂരിൽ കണ്ണുനട്ട്...

തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജയെ വരെ സി.പി.ഐ. പരിഗണിക്കുന്നു എന്നായിരുന്നു ഈയിടെ പുറത്തുവന്ന റിപ്പോർട്ട്. മന്ത്രി വി.എസ്.സുനിൽകുമാർ മൽസരരംഗത്തു നിന്ന് മാറിനിൽക്കുമോ ഇല്ലയോ എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് മാസങ്ങളായി. മണ്ഡലം നിലനിറുത്താൻ സംസ്ഥാനശ്രദ്ധയാകർഷിക്കുന്ന നേതാവ് വേണമെന്ന് കരുതിയാണ് ആനി രാജയെക്കുറിച്ച് ആലോചിച്ചെന്നതാണ് പറയുന്നത്. ഇടത് അനുഭാവികളായ പൊതുസമ്മതരായ പ്രമുഖരെയും ആലോചിക്കുന്നുണ്ട്. ചുരുക്കത്തിൽ സ്ഥാനാർത്ഥിനിർണയം അത്യന്തം വിഷമകരമായിരിക്കുന്നു. സുനിൽകുമാർ കഴിഞ്ഞ അഞ്ചുവർഷം തൃശൂർ മണ്ഡലത്തിൽ സൃഷ്ടിച്ച പ്രതിച്ഛായയോട് കട്ടയ്ക്ക് നിൽക്കാവുന്ന നേതാക്കളാരെങ്കിലും സ്ഥാനാർത്ഥിയാൽ മാത്രമേ വിജയിക്കാനാവൂ എന്ന വിലയിരുത്തലിലാണ് സി.പി.എമ്മും.

സംസ്ഥാന സമിതി അംഗങ്ങളായ പി.ബാലചന്ദ്രൻ, ഷീല വിജയകുമാർ, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന ടി. പ്രദീപ് കുമാർ എന്നിവരും തൃശൂരിലെ പരിഗണന പട്ടികയിലുണ്ട്. വി.എസ് സുനിൽകുമാറിനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയുണ്ട്.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. മണ്ഡലം പിടിക്കാൻ ത്രികോണ മത്‌സരം കാഴ്ച്ചവയ്ക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെ ബി.ജെ.പിയും രംഗത്തിറക്കും. സംസ്ഥാന വക്താളായ അഡ്വ.ബി.ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

പൂരം എങ്ങനെയാകും?

കൊവിഡ് കാലമായതിനാൽ പൂരത്തിന് ജനപങ്കാളിത്തം എങ്ങനെ വേണമെന്ന് പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കുമെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമാണ് പൂരം. അതുകൊണ്ടുതന്നെ കൂടുതൽ ഇളവുകൾ നൽകി, ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ദാക്ഷിണ്യം ഉണ്ടാകുമെന്ന പ്രതീക്ഷിക്കേണ്ടെന്ന് പറയുന്നവരുണ്ട്. തൃശൂർ പൂരം നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കാൻ പൊലീസ് ആരോഗ്യവകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം വടക്കുന്നാഥ ക്ഷേത്ര മൈതാനം കഴിഞ്ഞദിവസം സന്ദർശിച്ചു. പ്രദർശനത്തിനുളള കമ്മിറ്റി ദേവസ്വം രൂപീകരിച്ചിട്ടുമുണ്ട്. കൊവിഡ് കണക്കിലെടുത്ത് വൻജനക്കൂട്ടത്തെ അനുവദിക്കാൻ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. എങ്കിലും, നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് ആലോചിക്കുന്നത്. എത്ര ആളുകളെ പങ്കെടുപ്പിക്കാമെന്നും എത്ര ആനകളെ അണിനിരത്താമെന്നും തൃശൂർ സ്വരാജ് റൗണ്ടിലും വടക്കുന്നാഥ ക്ഷേത്ര മൈതാനത്തും ക്രമീകരണങ്ങൾ എങ്ങനെ വേണമെന്നും പരിശോധിക്കാനാണ് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയും ഡി.എം.ഒ: ഡോ. കെ.ജെ. റീനയും അടങ്ങുന്ന സംഘം വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് എത്തിയത്. പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥ സംഘമെത്തി. ദേവസ്വം പ്രതിനിധികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം പരിശോധിച്ചാകും നിയന്ത്രണം ഏർപ്പെടുത്തുക. ഓരോ ആഴ്ചയും ഇക്കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി കാര്യങ്ങൾ വിലയിരുത്തിയ ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.