dcc

തൃശൂർ: ചർച്ചകൾ ചൂടുപിടിച്ചതോടെ സ്ഥാനാർത്ഥിത്വത്തിനായുള്ള കരുനീക്കങ്ങളും ചരടുവലികളും കോൺഗ്രസിൽ ശക്തം. ഡി.സി.സി കഴിഞ്ഞ ദിവസം സമർപ്പിച്ച ലിസ്റ്റിൽ ഓരോ മണ്ഡലത്തിലും നാലും അഞ്ചും പേരാണുള്ളത്. ചുരുക്ക പട്ടിക നൽകാൻ സാധിക്കാത്തതിനാലാണ് ഓരോ മണ്ഡലത്തിലും ഇത്രയധികം പേരുടെ ലിസ്റ്റ് കൈമാറിയത്. ലിസ്റ്റിൽ കടന്നു കൂടിയവർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ചരടുവലികൾ ശക്തമാക്കി. ഇതിനിടെ ചേലക്കര മണ്ഡലം ലീഗിന് കൈമാറുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനെതിരെ കോൺഗ്രസിനുള്ളിൽ എതിർപ്പ് ശക്തമാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ തന്നെയാണ് ലിസ്റ്റുകൾ കൈമാറിയത്.

ലിസ്റ്റിലുള്ളവർ

പത്മജ വേണുഗോപാൽ, രാജൻ പല്ലൻ, ടി.വി ചന്ദ്രമോഹൻ (തൃശൂർ), ഷാജി കോടങ്കണ്ടത്ത്, ജോസ് വള്ളൂർ, ഡോ. നിജി ജസ്റ്റീൻ (ഒല്ലൂർ), പുതുക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബുരാജ്, ജോസഫ് ടാജറ്റ്, ടി.ജെ സനീഷ് കുമാർ, സുന്ദരൻ കുന്നത്തുള്ളി (പുതുക്കാട്), എം.പി വിൻസന്റ്, ടി.ജെ സനീഷ് കുമാർ, പി.സി ചാക്കോ, എം.പി ജാക്‌സൺ, ചാണ്ടി ഉമ്മൻ (ചാലക്കുടി). കെ.വി ദാസൻ, എൻ.കെ സുധീർ (നാട്ടിക), സി.എസ് ശ്രീനിവാസൻ, എം.എസ് അനിൽ കുമാർ, ടി.യു രാധാകൃഷ്ണൻ, സോണിയാ ഗിരി (കൊടുങ്ങല്ലൂർ). ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജയശങ്കർ, ടി.വി ചന്ദ്രമോഹൻ, കെ. അജിത്ത് കുമാർ (കുന്നംകുളം)

ആർ.എസ്.പിയും ലീഗും മണ്ഡലം വിടുമോ?

കയ്പ്പമംഗലം ആർ.എസ്.പിയിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്താൽ മുൻ ജില്ലാ പഞ്ചായത്തംഗം ശോഭ സുബിന്റെ പേരാണ് പരിഗണനയിലുള്ളത്. ഗുരുവായൂർ ലീഗിൽ നിന്ന് ലഭിച്ചാൽ ഒ. അബ്ദുറഹിമാൻ കുട്ടി, അജയ് മോഹൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. ലീഗിന് തന്നെയെങ്കിൽ കെ.എൻ.എ ഖാദർ. സി.എച്ച് റഷീദ് എന്നിവർ മത്സരിച്ചേക്കും. രാജേന്ദ്രൻ അരങ്ങത്ത്, പി.എ മാധവൻ, സുനിൽ അന്തിക്കാട് എന്നിവരുടെ പേരുകൾക്ക് പുറമേ വി.എം സുധീരൻ മത്സരിക്കണമെന്ന ആവശ്യവും മണലൂരിൽ ഉയരുന്നുണ്ട്. അനിൽ അക്കരയുടെ (വടക്കാഞ്ചേരി) സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പിച്ച നിലയിലാണ്. ചേലക്കര സീറ്റ് ലീഗിന് നൽകിയാൽ ജയന്തി രാജൻ സ്ഥാനാർത്ഥിയാകും. കോൺഗ്രസിനെങ്കിൽ സി.സി ശ്രീകുമാർ, കെ.ബി ശശികുമാർ എന്നിവരിൽ ഒരാളാകും സ്ഥാനാർത്ഥി. ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥിയാകും മത്സരിക്കുക. ഇവിടെ തോമസ് ഉണ്ണിയാടൻ സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം.