
മാള: നെൽക്കൃഷിയെന്നാൽ പ്രവാസിയായ ജോണിക്ക് ഒരു തരം ഭ്രാന്താണ്. ഒന്നും രണ്ടുമല്ല, നൂറേക്കർ നെൽവയൽ പാട്ടത്തിനെടുത്താണ് കോട്ടാറ്റ് വേഴപ്പറമ്പിൽ ജോണി കൃഷി ചെയ്യുന്നത്. വിദേശത്ത് നിന്നെത്തിയ ശേഷം കഴിഞ്ഞ ആറ് വർഷമായി നെൽക്കൃഷി മാത്രമാണ് മനസ് നിറയെ.
ഒരു കോടിയിലേറെ വില വരുന്ന കാർഷിക യന്ത്രങ്ങളാണ് ഇതിനായി വാങ്ങിയത്. ആരെയും ആശ്രയിക്കാതെ യന്ത്ര സംവിധാനം പ്രയോജനപ്പെടുത്തി കൃഷിയിറക്കാനും വിളവെടുക്കാനും കഴിയുന്നു. കോട്ടാറ്റ്, അരിപ്പാലം, പഴൂക്കര, ചിറാൽപ്പാടം എന്നിവിടങ്ങളിലായാണ് നൂറേക്കർ കൃഷി ചെയ്ത് വിളവെടുക്കുന്നത്. നെല്ല് സപ്ലൈകോക്ക് നൽകും. കൊയ്ത്തു യന്ത്രങ്ങൾ, ട്രാക്ടറുകൾ, വൈക്കോൽ കെട്ടാനുള്ള യന്ത്രം എന്നിവയാണ് ഈ രംഗത്ത് ജോണിക്ക് ആശ്വാസമായുള്ളത്. പാടശേഖരത്തിൽ വെള്ളക്കെട്ടിന് ഇടയാക്കിയിരുന്ന തോടിനു കുറുകെയുള്ള ജല അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി നെല്ലുൽപ്പാദക സമൂഹം ചെയർമാൻ കെ.ടി ദേവസിക്കുട്ടിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിയ ശ്രമങ്ങളാണ് വീണ്ടും നൂറുമേനി വിളവെടുക്കാൻ സാദ്ധ്യമാക്കിയത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് 5.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 280 ഏക്കർ സ്ഥലത്തെ നെൽക്കൃഷിക്ക് ജീവൻ പകരാൻ ഈ നടപടിക്ക് കഴിഞ്ഞു.
പാടശേഖരത്തിലെ അധിക വെള്ളം ഒഴുക്കിക്കളയാൻ സംവിധാനമില്ല. ഇത് പലപ്പോഴും കൃഷിനാശത്തിന് ഇടയാക്കും. കൊയ്‌ത്ത് തന്നെ വളരെ പ്രയാസപ്പെട്ടാണ് നടത്തുന്നത്. കൃഷിയിടത്തിലേക്ക് ആവശ്യത്തിന് വെള്ളം കയറ്റാനും ഇറക്കാനും സൗകര്യം വേണം. ചിറാൽപ്പാടം നെല്ലുൽപ്പാദക സമൂഹം ചെയർമാൻ കെ.ടി ദേവസിക്കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഇപ്പോഴത്തെ വിളവെടുപ്പ് സാദ്ധ്യമാക്കിയത്.
ജോണി
107 പേർക്ക് കൊവിഡ്
തൃശൂർ: 107 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 272 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,606 ആണ്. തൃശൂർ സ്വദേശികളായ 57 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ഉറവിടം അറിയാത്ത മൂന്ന് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 204 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 54 പേർ ആശുപത്രിയിലും 150 പേർ വീടുകളിലുമാണ്. 4,042 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 296 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്.