ajithkumar

മാള: തളിർ വെറ്റില ധാരാളമുണ്ട്, പക്ഷേ വരദക്ഷിണ വയ്ക്കാൻ ചടങ്ങും ആളും ഇല്ല. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായതോടെ വെറ്റിലയ്ക്ക് ഒരു വർഷമായി ശനിദശയാണ്. പക്ഷേ പ്രളയം തകർത്തെങ്കിലും കുട്ടിക്കാലം മുതൽ കണ്ടുവളർന്ന നാടൻ ഇനത്തിലുള്ള വെറ്റില കൃഷി കൈവിടാൻ ഒരുക്കമല്ല മാള അണ്ണല്ലൂർ കൈതവളപ്പിൽ അജിത് കുമാർ (54).

വീടിനോട് ചേർന്നുള്ള ഒരേക്കറിലധികം സ്ഥലത്ത് രണ്ടായിരത്തിലധികം വൃക്ഷങ്ങളിലാണ് വെറ്റിലക്കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വെറ്റില കൃഷിയാണ് മുഖ്യതൊഴിൽ. പ്രളയത്തിൽ നശിച്ച കൃഷിയിടം ഇപ്പോൾ കാടുകയറി കിടക്കുന്നു. ഇതിനോട് ചേർന്നുള്ള സ്ഥലത്താണ് ഇപ്പോൾ 500 ഓളം വൃക്ഷങ്ങളിൽ വെറ്റിലക്കൃഷി ചെയ്യുന്നത്. പ്രളയത്തിന് മുമ്പ് വരെ ഒരു കൈ വെറ്റിലയ്ക്ക് (100 എണ്ണം മുതൽ 150 വരെ) 350 രൂപ ലഭിക്കുമായിരുന്നു.

15 ദിവസം കൂടുമ്പോൾ 100 കൈ വെറ്റില വരെ ചന്തയിലേക്ക് കൊണ്ടുപോയിരുന്നു. അതായത് മാസത്തിൽ 70,000 രൂപയുടെ വെറ്റില വിളവെടുത്തിരുന്നു. ഇന്നിപ്പോൾ ആവശ്യക്കാർ കുറഞ്ഞു, വരുമാനവും. ഇരിങ്ങാലക്കുട, ചാലക്കുടി, കോട്ടപ്പുറം ചന്തകളിലാണ് വെറ്റില വിറ്റിരുന്നത്.

വളവും വിളവെടുപ്പും

ആട്ടിൻ കാഷ്ഠവും എല്ലുപൊടിയും വളമായി നൽകും. ഇത് എല്ലാ മാസവും നൽകും. കേടിന് ബേഡോ മിശ്രിതം തളിക്കും. 15 ദിവസമാണ് ഒരു വെറ്റില വിളവെടുക്കാനുള്ള സമയക്രമം. ഒന്നര വർഷം വിളവെടുത്ത ശേഷം അതിന്റെ തല വള്ളി ഇറക്കി മാറ്റി നടും. വളർച്ച അനുസരിച്ച് രണ്ട് മാസം ആകുമ്പോഴേക്കും വിളവെടുക്കും.

പാരമ്പര്യം നിലനിറുത്തുക മാത്രമല്ല, മുഖ്യ തൊഴിലും വരുമാനവും ഇതായിരുന്നു. പ്രളയം നശിപ്പിച്ച സ്ഥലത്തെ മരങ്ങൾ വെട്ടി പുതിയവ വച്ചുപിടിപ്പിച്ചു വേണം വീണ്ടും കൃഷി തുടങ്ങാൻ. എന്നാൽ വിലയില്ലാത്ത കാരണം തോന്നുന്നില്ല. ഉത്സവ ശബരിമല സീസണുകളിലാണ് നല്ല വില കിട്ടിയിരുന്നത്. എന്നാൽ അതെല്ലാം ഇല്ലാതായി. കൂടാതെ ലക്ഷദ്വീപിലേക്ക് കയറ്റി അയയ്ക്കുമ്പോൾ ലേലത്തിൽ നല്ല വില കിട്ടിയിരുന്നു. 12 വയസ് മുതൽ വെറ്റിലയുമായി ചന്തയ്ക്ക് പോയിരുന്നതാണ്.

കെ.കെ അജിത് കുമാർ