ചേർപ്പ്. വല്ലച്ചിറ ചാപ്പക്കായലിൽ ജോസ് ചിറമ്മൽ സ്മാരക നാടകദ്വീപിന് സമീപത്തെ ഫുട്‌ബാൾ മൈതാനത്ത് അരങ്ങേറിയ 'ഹിഗ്വിറ്റ നാടകം പുതിയ ആശയങ്ങളിൽ പിറന്ന നാടക വേദിയായി. സെവൻസ് ഫുട്‌ബാൾ മൈതാനത്തെ അരങ്ങിൽ രണ്ട് ദിവസങ്ങളിലായി രാത്രി സമയങ്ങളിൽ അരങ്ങേറിയ ഒന്നര മണിക്കൂർ നീണ്ട നാടകം നാടക പ്രേക്ഷകർക്ക് നവ്യാനുഭവമായി.

എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയെ ആസ്പദമാക്കി ശശിധരൻ നടുവിലാണ് നാടകം സംവിധാനം ചെയ്തത്. നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഫുട്‌ബാൾ മൈതാനം അരങ്ങാക്കി അവതരിപ്പിക്കുന്നത് ആദ്യാമായാണെന്ന് ശശിധരൻ നടുവിൽ പറഞ്ഞു. പി.ആർ. ജിജോയ്, മണികണ്ഠൻ, ആതിര പട്ടേൽ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി, ആദിത്യ പട്ടേൽ, ഹേന ചന്ദ്രൻ, അരവിന്ദൻ, രജിത് കുമാർ, തമാം മുബരീഷ്, അഖിലേഷ് പാലി, സുമേഷ് മണിത്തറ, രഞ്ജിത് ശിവ, ഹെൻസൻ ആന്റോ , പ്രസാദ് കിഴക്കൂട്ട്, ജിതിൻ ബാബു തുടങ്ങിയ കലാകാരൻമാർ നാടക വേഷമിട്ടു.

ചലച്ചിത്ര സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയനന്ദനൻ, മിഥുൻ മാനുവൽ തോമസ്, നടൻമാരായ സന്തോഷ് കീഴാറ്റൂർ, ഇർഷാദ്, ലിഷോയ് എന്നിവർ നാടക വേദിയിലെത്തിയിരുന്നു.