കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടിക പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിട്ടം അപകടാവസ്ഥയിൽ. നാൽപത് വർഷത്തിലേറെ പഴക്കം ചെന്ന കെട്ടിടത്തിന്റെ രണ്ടു നിലകളിലായി പതിനഞ്ചോളം വ്യാപാരികളാണ് കച്ചവടം ചെയ്യുന്നത്. മൂന്നുപീടിക സെന്ററിൽ ദേശീയ പാത 66നോട് ചേർന്ന കെട്ടിടത്തിന്റെ മുകളിലത്തെ നില അപകടാവസ്ഥയിലായതിനാൽ മുഴുവൻ വ്യാപാരികളെയും പഞ്ചായത്ത് ഒഴിപ്പിച്ചിരുന്നു.
താഴത്തെ നിലയിലെ വ്യാപാരികളോട് കെട്ടിടത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ പഞ്ചായത്ത് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്ന് വീണത്.
ആർക്കും അപകടം ഉണ്ടായില്ലെങ്കിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അധികൃതർ സ്ഥലത്തെത്തി കെട്ടിടത്തിലേക്കുള്ള കവാടം അടയ്ക്കുകയും ഈ ഭാഗത്തെ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
അപകടം ഒഴിവാക്കുന്നതിനായി കെട്ടിടത്തിലെ മുഴുവൻ വ്യാപാരികളോടും മാർച്ച് മൂന്നിന് മുമ്പ് കെട്ടിടം ഒഴിയണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വർഷം മുമ്പ് ഷോപ്പിംഗ് കോംപ്ലക്സ് ഹൈടെക് ആക്കുന്നതിനായി പഞ്ചായത്ത് പദ്ധതിയിട്ടിരുന്നു. സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനായി ഏഴ് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നാൽപതോളം വർഷങ്ങളായി കച്ചവടം ചെയ്യുന്ന നിലവിലെ വ്യാപാരികൾക്ക് എത്രയും പെട്ടെന്ന് പുനരധിവാസം നൽകുകയോ മറ്റു സംവിധാനങ്ങൾ ഒരുക്കാനോ പഞ്ചായത്ത് അധികൃതർ തയ്യാറാകണം.
- പി.എം റഫീഖ്, വ്യാപാരി വ്യവ്യസായി ഏകോപന സമിതി, മൂന്നുപീടിക യുണിറ്റ് പ്രസിഡന്റ്
ഒഴിയുന്ന വ്യാപാരികൾക്ക് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് വരുമ്പോൾ മുൻഗണന പ്രകാരം റൂമുകൾ നൽകുന്ന കാര്യം പരിഗണിക്കും. ഇപ്പോൾ പുനരധിവാസമോ മറ്റു സംവിധാനങ്ങളൊ ഒരുക്കാൻ പഞ്ചായത്തിന് സാധിക്കില്ല.
- വിനീത മോഹൻദാസ്, പഞ്ചായത്ത് പ്രസിഡന്റ്