
ഗുരുവായൂർ: ഉത്സവം ആറാം ദിവസമായ തിങ്കളാഴ്ച ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിലെഴുന്നള്ളി. ഇന്നലെ ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം എഴുന്നെള്ളിച്ചത്. മേളത്തിന്റെ അകമ്പടിയിൽ നടന്ന എഴുന്നള്ളിപ്പിൽ ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ ദാമോദർദാസ് സ്വർണ്ണക്കോലമേറ്റി.
ചെന്താമരാക്ഷനും രവികൃഷ്ണനും പറ്റാനകളായി. ഉത്സവം കഴിയുന്നതുവരെ ഇനിയുള്ള ദിവസങ്ങളിൽ കാഴ്ചശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗ്രാമപ്രദക്ഷിണത്തിനും സ്വർണക്കോലം എഴുന്നെള്ളിക്കും.
ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളായ ഉത്സവം, അഷ്ടമിരോഹിണി, ഏകാദശി എന്നീ വിശേഷ ദിവസങ്ങളിൽ മാത്രമാണ് സ്വർണ്ണക്കോലം എഴുന്നള്ളിക്കുക പതിവ്. പത്ത് കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കോലത്തിൽ നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണിക്കൃഷ്ണനും, ചുറ്റുഭാഗത്തായി വീരശൃംഖലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, 191 സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്. സ്വർണത്തകിടിലുള്ള ദശാവതാരങ്ങളും അനന്തശയനവും സൂര്യ ചന്ദ്ര പ്രഭകളും വ്യാളീമുഖവും കോലത്തിൽ പതിച്ചിട്ടുണ്ട്. വിലയേറിയ മരതകക്കല്ലും അഞ്ച് തട്ടുള്ള സ്വർണ അലുക്കുകളുമുള്ള കുടയാണ് മുകളിൽ. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മാറ്റുക്കൂട്ടുന്നതാണ് സ്വർണ്ണക്കോലമെഴുന്നള്ളത്ത്.
ഗുരുവായൂർ ഉത്സവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി ബുധനാഴ്ച നടക്കും. പാണികൊട്ടി ഭഗവാന്റെ ഭൂതഗണങ്ങളെ വരുത്തി ബലികൊടുത്ത് തൃപ്തരാക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ഉത്സവബലി. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ചടങ്ങ് തുടങ്ങും. സങ്കീർണമായ താന്ത്രിക ചടങ്ങുകളുള്ള ഉത്സവ ബലി ക്ഷേത്രം തന്ത്രിയാണ് നിർവഹിക്കുക. കീഴ്ശാന്തിമാരും കഴകക്കാരും മാരാർമാരും പങ്കാളികളാകും.
25,05,794 വോട്ടർമാർ; കൂടുതലും സ്ത്രീ വോട്ടർമാർ
തൃശൂർ : ജില്ലയിൽ ജനുവരി ഒന്നു വരെയുള്ള കണക്ക് പ്രകാരം ആകെ 25,05,794 വോട്ടർമാർ. ഇതിൽ 12,04,248 പേർ പുരുഷൻമാരും 13,01,520 പേർ സ്ത്രീകളുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 26 വോട്ടുർമാരുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്ന നടപടികൾ ഇപ്പോഴും പുരോഗമിക്കുന്ന സാഹചര്യത്തിൽ വോട്ടർമാരുടെ എണ്ണം ഇനിയും വർദ്ധിക്കും. ജില്ലയിൽ ഈ മാസത്തിൽ തന്നെ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ കണക്കുപ്രകാരം ആകെ വോട്ടർമാരും പുരുഷ വോട്ടർമാരും ഏറ്റവും കൂടുതലുള്ളത് മണലൂരിലും കുറവ് കയ്പമംഗലത്തുമാണ്. മണലൂർ നിയോജക മണ്ഡലത്തിൽ തന്നെയാണ് സ്ത്രീ വോട്ടർമാർ കൂടുതലുള്ളത്. കുറവ് സ്ത്രീ വോട്ടർമാർ കയ്പമംഗലത്തും.