
തൃശൂർ : ജില്ലയിൽ നിന്നുള്ള സി.പി.ഐയുടെ സ്ഥാനാർത്ഥി ലിസ്റ്റ് ഈ ആഴ്ച കൈമാറും. ഇന്ന് ചേരുന്ന സംസ്ഥാന ഏക്‌സിക്യുട്ടീവ് യോഗത്തിന് ശേഷം ലഭിക്കുന്ന മാർഗരേഖയ്ക്ക് അനുസരിച്ചായിരിക്കും സ്ഥാനാർത്ഥി നിർണ്ണയം നടക്കുക.
അതേസമയം നിലവിൽ മൂന്നു തവണ മത്സരിച്ചവരെ മാറ്റുമെന്ന തീരുമാനം കർശനമായാൽ മാത്രമായിരിക്കും തൃശൂരിൽ നിന്ന് വി.എസ് സുനിൽ കുമാറിന്റെ പേര് ഒഴിവാക്കിയുള്ള ലിസ്റ്റ് കൈമാറുകയുള്ളൂവെന്നാണ് വിവരം. വി.എസ് സുനിൽ കുമാറിന്റെ വിഷയത്തിൽ സംസ്ഥാന നേതൃത്വം അവസാന നിമിഷം വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാകുമെന്ന പ്രതീക്ഷയാണ് ജില്ലാ നേതൃത്വത്തിന് ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ സുനിൽ കുമാറിനെ മാറ്റരുതെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുമെന്നും പറയുന്നുണ്ട്.
മന്ത്രി സുനിൽ കുമാറിനെ ഒഴിവാക്കിയാൽ പി. ബാലചന്ദ്രൻ, സാറാമ്മ റോബ്‌സൺ എന്നിവർക്ക് പുറമേ യുവജന സംഘടനയുടെ ചുമതലയുള്ള യുവനേതാക്കളിൽ ഒരാളെ പരിഗണിക്കാനും സാദ്ധ്യതയുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാറിന്റെ പേര് ചർച്ചയിൽ ഉയർന്നെങ്കിലും കഴിഞ്ഞ നാലു വർഷമായി സംഘടനാ രംഗത്ത് ഇല്ലാത്തതിനാൽ പരിഗണിച്ചേക്കില്ല.
പാർട്ടി മത്സരിക്കുന്ന കൊടുങ്ങല്ലൂർ, കയ്പ്പമംഗലം, നാട്ടിക, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് യോഗം അടുത്ത ദിവസം ചേരും. ജില്ലാ - സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ വച്ച് മൂന്നു പേർ വീതമുള്ള ലിസ്റ്റും തയ്യാറാക്കും. തുടർന്ന് ജില്ലാ എക്‌സിക്യുട്ടീവ് യോഗം ചേർന്ന് ലിസ്റ്റ് ചർച്ച ചെയ്ത ശേഷം ജില്ലാ കമ്മിറ്റിയുടെ തീരുമാനം കൂടി ഉൾക്കൊള്ളിച്ചുള്ള ലിസ്റ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഇതിനിടയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് മത്സരിക്കാനുള്ള സാദ്ധ്യതയും തെളിയുന്നുണ്ട്. സിറ്റിംഗ് സീറ്റുകളിൽ ഒന്നിൽ ജില്ലാ സെക്രട്ടറിയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം പലരും ഉയർത്തി. അങ്ങനെ വന്നാൽ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടി വരും. നാട്ടികയിൽ ഗീതാ ഗോപി, കയ്പ്പമംഗലത്ത് ഇ.ടി ടൈസൺ മാസ്റ്റർ, ഒല്ലൂർ അഡ്വ.കെ. രാജൻ, കൊടുങ്ങല്ലൂർ വിആർ. സുനിൽ കുമാർ എന്നിവരുടെ പേരുകൾക്ക് തന്നെയാണ് മുൻതൂക്കം.