കൊടുങ്ങല്ലൂർ: വർണങ്ങൾ ചാലിച്ച് ക്ഷേത്ര ചുമരുകളിൽ വിസ്മയം തീർക്കുകയാണ് ഏഴാം ക്ലാസുകാരൻ ഹരിഗോവിന്ദ്. മുള്ളൻബസാർ മുല്ലങ്ങത്ത് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഗണപതി, സുബ്രഹ്മണ്യസ്വാമി, ഗുരുവായൂരപ്പൻ എന്നീ ദേവൻമാരുടെ ചിത്രങ്ങൾ ഹരിഗോവിന്ദിന്റെ ചായക്കൂട്ടിൽ തെളിഞ്ഞ് നിൽക്കുന്നത് കാണാം.
പനങ്ങാട്ട് വലിയ വീട്ടിൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ ഗണപതിയെ വരച്ചാണ് ഹരിഗോവിന്ദ് ചുവർ ചിത്രകലയിൽ ഹരിശ്രീ കുറിച്ചത്. സാംസ്‌കാരിക വകുപ്പ് മതിലകം ബ്ലോക്ക് ഫെല്ലോഷിപ്പ് പദ്ധതി പ്രകാരം ഒളരി സ്വദേശി ശ്രീജിത്തിന്റെ കീഴിൽ ചിത്രകല അഭ്യസിക്കുന്നുണ്ട്. പനങ്ങാട് ഹയർ സെക്കൻഡറി സ്‌കുളിലെ വിദ്യാർത്ഥിയാണ്. കുട്ടിക്കാലം മുതൽ ചിത്രകലയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഹരിഗോവിന്ദ് ഉപജില്ലാ കലോത്സവത്തിൽ പനങ്ങാട് സ്‌കൂളിൽ നിന്നും മെറ്റൽ എൻഗ്രേവിംഗിന് യു.പി തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ശ്രീനാരായണപുരം പോഴങ്കാവ് പുലാപ്പറമ്പിൽ രമേഷ് ബാബുവിന്റെയും ശ്രീവിദ്യയുടെയും മകനാണ്. കുടുംബത്തിന്റെയും, അദ്ധ്യാപകരുടെയും, ക്ഷേത്ര ഭാരവാഹികളുടെയും പ്രോത്സാഹനം ചിത്രകലയിൽ ഹരിഗോവിന്ദന് ആത്മവിശ്വാസം നൽകുന്നു.