മാള: യുവ ചലച്ചിത്ര സംവിധായകൻ മോഹൻ രാഘവൻ്റെ സ്മരണയ്ക്കായി വർഷംതോറും നടത്തിവരുന്ന മോഹനം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റിയും, അന്നമനട ഓഫ് സ്റ്റേജും, വടമ കരിന്തലക്കൂട്ടവും ചേർന്ന് മാർച്ച് 20 മുതൽ 24 വരെ ഗ്രാമിക ഭവനത്തിൽ വച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
മലയാളത്തിലെ മികച്ച നവാഗത സംവിധായകന് നൽകി വരുന്ന മോഹൻ രാഘവൻ യുവ ചലച്ചിത്ര പ്രതിഭ പുരസ്കാരവും ഇതോടൊപ്പം നൽകും. തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി സഹകരിച്ച് മാള ബ്ലോക്ക് പഞ്ചായത്തിൻ്റെയും ആളൂർ പഞ്ചായത്തിൻ്റെയും പങ്കാളിത്തത്തോടെയാണ് മേള ഒരുക്കുന്നത്. വിവിധ ഭാഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചോളം പുതിയ സിനിമകൾ അഞ്ച് ദിവസങ്ങളിലായി പ്രദർശിപ്പിക്കും.
സംവിധായകൻ ആൻറണി ഈസ്റ്റ്മാൻ അദ്ധ്യക്ഷനായ യോഗം ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജോജോ ഉദ്ഘാടനം ചെയ്തു. ജുമൈല ഷഗീർ, മിനി പോളി, രേഖ സന്തോഷ്, പി.ടി വിത്സൻ, ഡോ. വടക്കേടത്ത് പത്മനാഭൻ, തുമ്പൂർ ലോഹിതാക്ഷൻ, പി.കെ കിട്ടൻ, കെ.എസ് അശോകൻ എന്നിവർ സംസാരിച്ചു.