ചെറുതുരുത്തി: ഭാരതപ്പുഴയുടെ തീരത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ചെറുതുരുത്തി കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം ചടങ്ങുകൾ മുടക്കാതെ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂട്ടിയെഴുന്നള്ളിപ്പ് ഇല്ലാതെ ഓരോ ദേശവും ആനകളുമായി ക്ഷേത്രത്തിലെത്തി ഭഗവതിയെ വണങ്ങി. പുതുശ്ശേരി, ചെറുതുരുത്തി, പാഞ്ഞാൾ, താഴപ്ര, വെട്ടിക്കാട്ടിരി, പള്ളിക്കൽ, നെടുമ്പുര, ആറ്റൂർ എന്നീ ഏഴുദേശക്കാരാണ് കോഴി മാം പറമ്പ് പൂരത്തിന്റെ പങ്കാളികൾ. പൂരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പാക്കനാർ വേല, കാള വേല എന്നീ നാടൻ കലാരൂപങ്ങൾ കാവിലെത്തി സാന്നിദ്ധ്യം അറിയിച്ചു. രാവിലെ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും, അഭിഷേകങ്ങളും നടന്നു.