training

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടവർക്ക് പൊതുപണിമുടക്ക് നടക്കുന്ന ഇന്നലെയും പരിശീലന ക്ലാസ് നടത്തിയത് ഉദ്യോഗസ്ഥരെ വട്ടംകറക്കി. പൊതുപണിമുടക്കായതിനാൽ സ്വകാര്യ ബസുകൾ ഉൾപ്പെടെ ഇന്നലെ സർവീസ് നടത്തിയിരുന്നില്ല. കെ.എസ്.ആർ.ടി.സി ബസുകളും ഉണ്ടായിരുന്നില്ല. വ്യാപാര സ്ഥാാപനങ്ങൾ പോലും ഭാഗികമായാണ് തുറന്നത്. തിരഞ്ഞെടുപ്പ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് വാഹന സൗകര്യമൊന്നും തന്നെ അധികൃതർ ഒരുക്കിയില്ല. പലരും സ്വകാര്യ വാഹനങ്ങൾ നേരത്തെ പറഞ്ഞുറപ്പിച്ച ഇലക്ഷൻ ഡൂട്ടിയെന്ന ബോർഡൊക്കെ സ്ഥാപിച്ചാണ് കേന്ദ്രങ്ങളിലെത്തിയത്. പൊതുപണിമുടക്കായതിനാൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ മടിച്ചതിനാൽ പല ഉദ്യോഗസ്ഥർക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാനായില്ല. പൊതുപണിമുടക്കിനോടനുബന്ധിച്ച് സർക്കാർ തലത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന പരിപാടികളെല്ലാം മാറ്റി വെച്ചിരുന്നു. അതിനാൽ പരിശീലനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി നേരത്തെ തീരുമാനിച്ചതാണെന്നും മാറ്റിവെയ്‌ക്കേണ്ടതില്ലെന്നുമാണ് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ നിലപാട് സ്വീകരിച്ചത്. ഫെബ്രുവരി 27, മാർച്ച് 1, 2 തിയതികളിൽ പരിശീലന പരിപാടി സംഘടിപ്പിക്കാൻ നേരത്തെ നിശ്ചയിച്ചതാണെന്നും മാറ്റേണ്ടതില്ലെന്നും കളക്ടർ നിലപാടെടുത്തു.

ഒരു സെഷനിൽ 120 ഓളം ഉദ്യോഗസ്ഥർ

തൃശൂർ നഗരത്തിൽ തൃശൂർ സെന്റ് തോമസ് കോളേജ്, ദേവമാത സ്‌കൂൾ, ഗവ. എൻജിനീയറിംഗ് കോളേജ്, മുല്ലശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ഇന്നലെ പരിശീലന പരിപാടി നടന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും 2 മുതൽ വൈകീട്ട് 4 വരേയും രണ്ട് സെഷനുകളിലായാണ് പരിശീലന പരിപാടി നടന്നത്. ഒരു സെഷനിൽ 120 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു.


തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടറേറ്റിലെ കളക്ടർ ഉൾപ്പെട്ട ഉദ്യോഗസ്ഥരാണ്. വിദ്യാഭ്യാസ വകുപ്പിന് അതിൽ ഇടപെടാൻ പരിമിതികളുണ്ട്. പരിശീലന പരിപാടി ഇന്നലെയും നടന്നതായാണ് അറിയുന്നത്.

എൻ. ഗീത
ഡി.ഡി.ഇ. തൃശൂർ.