കൊടകര: മുരിക്കുങ്ങൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം ശനിയാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. രാവിലെ വിശേഷാൽപൂജകൾ, നവകം, പഞ്ചഗവ്യം എന്നിവയ്ക്കുശേഷം എട്ട് മുതൽ 10.30 വരെ പൂരം എഴുന്നള്ളിപ്പ്, പഞ്ചാരിമേളം,10 മുതൽ 1.30 വരെ കാവടിയാട്ടം, വൈകീട്ട് നാലിന് കാഴ്ചശീവേലി, പാണ്ടിമേളം,6.30ന് ദീപാരാധന, 7 മുതൽ 8.30 വരെ എഴുന്നള്ളിപ്പ് എന്നിവ നടക്കും.
കിഴക്കുംമുറി, തെക്കുംമുറി, പടിഞ്ഞാട്ടുംമുറി, പുത്തനോളി ദേശക്കാർചേർന്ന് ആനപ്പൂരവും, കിഴക്കുംമുറി പടിഞ്ഞാറുഭാഗം, കിഴക്കുംമുറി കിണർസെറ്റ്, ഇഞ്ചക്കുണ്ട് എന്നീ ദേശക്കാർ കാവടിയാട്ടവും നടത്തും. എഴുന്നള്ളിപ്പിന് തിരുവമ്പാടി ചന്ദ്രശേഖരൻ ദേവന്റെ തിടമ്പേററും. മേളത്തിന് കൊടകര ഉണ്ണി നേതൃത്വം നൽകും.
ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി കുഴിയേലി നകർണ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി രാജേഷ് എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്രഭരണസമിതി പ്രസിഡന്റ് സിജു ആനശ്ശേരി, സെക്രട്ടറി, ഉണ്ണിക്കൃഷ്ണമേനോൻ പുഞ്ചപ്പറമ്പിൽ, ട്രഷറർ, അജിത്ത് തുമ്പരത്തി, ജോയിന്റ് സെക്രട്ടറി, സന്തോഷ് പാലക്കുഴ, സുധീഷ് തുമ്പരത്തി എന്നിവർ പങ്കെടുത്തു.