
ഗുരുവായൂർ: ക്ഷേത്രോത്സവം എട്ടാം വിളക്ക് ദിവസമായ ഇന്ന് ക്ഷേത്രത്തിൽ ഏറ്റവും പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി നടക്കും. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ഉത്സവബലി നടക്കും. വൈകിട്ട് നാല് വരെ ചടങ്ങുകൾ നീണ്ടുനിൽക്കും. അദൃശ്യ രൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തിന്റെ സമഗ്ര മേൽനോട്ടം വഹിക്കുന്ന ക്ഷേത്രപാലകന് ബലിതൂവുന്നതോടെ ഉത്സവബലി ചടങ്ങുകൾക്ക് സമാപനമാകും.
രാവിലെ 11 മുതലാണ് ഉത്സവബലി ദർശനം. ക്ഷേത്രോത്സവം ഒമ്പതാം ദിവസമായ നാളെ ക്ഷേത്രത്തിൽ പള്ളിവേട്ട ചടങ്ങുകൾ നടക്കും. വൈകിട്ട് ഗുരുവായൂരപ്പനെ സ്വർണപഴുക്കാ മണ്ഡപത്തിൽ കൊടിമരത്തറയ്ക്കൽ എഴുന്നള്ളിച്ച് വയ്ക്കും. തുടർന്ന് ദീപാരാധനയ്ക്ക് ശേഷം ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കും. വർഷത്തിൽ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ മാത്രമാണ് ഗ്രാമപ്രദക്ഷിണത്തിനായി ഗുരുവായൂരപ്പൻ പുറത്തേയ്ക്ക് എഴുന്നള്ളുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ ഗ്രാമപ്രദക്ഷിണ സമയത്ത് പൊതുജനങ്ങൾക്ക് പറ വയ്ക്കുന്നതിന് അനുമതിയില്ല. ദേവസ്വം വക പറവെപ്പ് മാത്രമെ ഇത്തവണ ഉണ്ടാകുകയുള്ളൂ. എഴുന്നള്ളിപ്പിന് വാദ്യങ്ങളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തി മേളം അവസാനിച്ചതിനു ശേഷം ഗുരുവായൂരപ്പനെ പിടിയാനപ്പുറത്ത് പള്ളിനായാട്ടിനായി എഴുന്നള്ളിക്കും. പള്ളിവേട്ട ചടങ്ങിൽ പങ്കെടുക്കുന്നതിനായി മുൻ വർഷങ്ങളിൽ നിരവധി ഭക്തർ പക്ഷിമൃഗാദികളുടെ വേഷങ്ങൾ അണിഞ്ഞ് എത്താറുണ്ടെങ്കിലും ഇത്തവണ ദേവസ്വം പന്നി വേഷം മാത്രമെ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ.
ഗുരുവായൂരപ്പന് നാളെ രാത്രി പള്ളിയുറക്കം ശ്രീകോവിലിന് പുറത്ത്
ഗുരുവായൂർ: ഗുരുവായൂരപ്പൻ നാളെ രാത്രി പള്ളിയുറങ്ങുക ശ്രീകോവിലിന് പുറത്ത്. വർഷത്തിൽ പള്ളിവേട്ട ദിനത്തിൽ മാത്രമാണ് ഗുരുവായൂരപ്പൻ ശ്രീകോവിലിന് പുറത്ത് പള്ളിയുറങ്ങുക. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഗുരുവായൂരപ്പൻ ക്ഷേത്രമുഖ മണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ വെള്ളിക്കട്ടിലിൽ വിരിച്ച പട്ടുകിടക്കയിലാണ് പള്ളിയുറങ്ങുക.
വെള്ളിക്കട്ടിലിന് ചുറ്റും മുളയറയിൽ ധാന്യം മുളപ്പിച്ചത് നിരത്തിവെയ്ക്കും. ക്ഷേത്രം അടിയന്തരക്കാരായ പത്തുകാർ വാരിയർമാർ കാവലാളുകളായി കിടക്കും. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ദേവന് ഉറക്കത്തിൽ തടസമില്ലാതിരിക്കാൻ നാളെ രാത്രി ക്ഷേത്രത്തിലെ നാഴികമണി അടിക്കില്ല. വർഷത്തിൽ ഒരു ദിവസം മാത്രമാണ് ക്ഷേത്രത്തിൽ നാഴികമണി അടിക്കാതിരിക്കുക. മുളയറയിലെ കാടിന്റെ തണുത്തകാറ്റിന്റെ സീൽക്കാരമൊഴിച്ചാൽ തികച്ചും നിശ്ശബ്ദതയിലാകും ക്ഷേത്രപരിസരം. ആറാട്ട് ദിനമായ വെള്ളിയാഴ്ച പ്രഭാതത്തിൽ പശുക്കിടാവിന്റെ കരച്ചിൽ കേട്ടാണ് ഗുരുവായൂരപ്പൻ ഉണരുക. തുടർന്ന് അഭിഷേകം, മലർ നിവേദ്യം എന്നിവ അവിടെ വെച്ചുതന്നെ നടക്കും. പൂജകൾക്ക് ശേഷമാണ് ഗുരുവായൂരപ്പനെ ശ്രീലകത്തേക്ക് എഴുന്നള്ളിക്കുക. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഗുരുവായൂരപ്പൻ ആറാട്ട് ദിവസം രാവിലെ നേരം വൈകി മാത്രമേ പള്ളിയുറക്കം ഉണരൂ എന്നതിനാൽ വെള്ളിയാഴ്ച രാവിലെ 9ന് ശേഷമേ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ ദർശനത്തിന് അനുവദിക്കുകയുള്ളൂ.