election

തൃശൂർ: ജില്ലയിൽ സ്ഥാനാർത്ഥി ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മൂന്നു മുന്നണികളിലെ പ്രധാന ഘടക കക്ഷികളുടെ പട്ടിക ഈ ആഴ്ച്ച അവസാനത്തോടെ അന്തിമ രൂപമാകും. മുതിർന്ന നേതാക്കൾക്ക് ഒപ്പം യുവജനങ്ങൾക്കും പ്രാധാന്യം നൽകികൊണ്ടുള്ള ലിസ്റ്റാണ് തയാറാക്കുന്നത്.

സി.പി.എം സെക്രട്ടറിയേറ്റ് ഇന്ന്

ജില്ലയിലെ സ്ഥാനാർത്ഥി ചർച്ചയുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യത്തിൽ വിജയ സാദ്ധ്യത കണക്കിലെടുത്ത് സിറ്റിംഗ് എം.എൽ.എ മാർക്ക് സീറ്റ് നൽകണമെന്ന നിർദ്ദേശം നേതൃത്വം മുന്നോട്ട് വെക്കുമെന്നാണ് കരുതുന്നത്. വനിതാ പുതുമുഖങ്ങൾ എന്നിവരെ പരിഗണിക്കണം എന്ന ആവശ്യവും ഉയരാൻ സാധ്യത ഉണ്ട്.

ഡി.സി.സി പട്ടിക നൽകി

ജില്ലയിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം കെ.പി.സി.സി നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥി മോഹികളുടെ എണ്ണം കൂടിയതോടെ നാലും അഞ്ചും പേരടങ്ങുന്ന ലിസ്റ്റ് ആണ് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ തവണ വടക്കാഞ്ചേരി മാത്രമാണ് വിജയിക്കാനായത്. അവിടെ അനിൽ അക്കര ഇതിനോടകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

ബി.ജെ.പി പട്ടിക ഉടൻ

ഇന്നലെ മണ്ഡലങ്ങളിൽ നിന്ന് സ്ഥാനാർഥികളെ സംബന്ധിച്ചു അഭിപ്രായം തേടിയ ബി.ജെ.പി ലിസ്റ്റ് ഇന്ന് നേതൃത്വത്തിന് കൈമാറും. പത്തിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. ജില്ലാ കോർ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാർ, മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ എന്നിവരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. പല മണ്ഡലങ്ങളിലും മൂന്നും നാലും പേരുകൾ ഉൾപ്പെടുത്തിയതായി സൂചന ഉണ്ട്.

സി.പി.ഐ ചർച്ച രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും

ഇന്നത്തെ സി.പി.ഐ സംസ്ഥാന നിർവഹക സമിതി യോഗത്തിന് ശേഷമാണ് ജില്ലയിൽ മണ്ഡല തലത്തിൽ ചർച്ച നടക്കുക. കഴിഞ്ഞ തവണ സി.പി.ഐക്ക് ലഭിച്ച അഞ്ചു സീറ്റുകളിൽ എല്ലാം വിജയിക്കാൻ സാധിച്ചിരുന്നു. ഇത്തവണ മന്ത്രി വി.എസ്. സുനിൽ കുമാർ ഒഴികെ ബാക്കി സിറ്റിംഗ് എം.എൽ.എമാർ എല്ലാവരും മത്സര രംഗത്ത് ഉണ്ടാകാനുള്ള സാദ്ധ്യതയാണ് കാണുന്നത്.