flag-

തൃശൂർ: ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടിക തയ്യാറാക്കി സി.പി.എമ്മും രംഗത്തെത്തിയതോടെ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിന് ചൂടേറി. അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം കെ.പി.സി.സി നേതൃത്വത്തിന് കൈമാറിയിരുന്നു. മണ്ഡലങ്ങളിൽ നിന്ന് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അഭിപ്രായം തേടിയ ബി.ജെ.പി ലിസ്റ്റും നേതൃത്വത്തിന് കൈമാറി. ഇതോടെ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി ചർച്ചകളുടെ അവസാനഘട്ടത്തിലേക്ക് കടന്നു.

സി.പി.എം സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടികയായതോടെ യു.ഡി.എഫിലേയും എൻ.ഡി.എയിലേയും ചർച്ചകൾക്ക് ആക്കം കൂടിയിട്ടുമുണ്ട്. മൂന്ന് തവണ പൂർത്തിയാക്കിയവരെ മത്സരിപ്പിക്കേണ്ടതില്ലെന്ന നയം നടപ്പിലാക്കുന്നതിനാൽ പുതുക്കാട് മന്ത്രി സി. രവീന്ദ്രനാഥും ഗുരുവായൂരിൽ കെ.വി അബ്ദുൾ ഖാദറും ഇത്തവണ മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിലെ കൂടുതൽ മണ്ഡലങ്ങളും ഇടതാണ് നേടിയത്.

അതിനാൽ ജില്ല ഇടതുകോട്ടയെന്ന ആത്മവിശ്വാസമാണ് നേതാക്കൾ പങ്കുവെയ്ക്കുന്നത്. എന്നാൽ ലീഡർ കെ. കരുണാകരന്റെ പരിവേഷം ശക്തമായിരുന്ന കാലത്ത് ജില്ലയിൽ യു.ഡി.എഫിനായിരുന്നു മേൽക്കൈ. ഗ്രൂപ്പ് തർക്കങ്ങൾ ഏറെക്കുറെ ഒഴിഞ്ഞതോടെയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം സൃഷ്ടിക്കുന്ന ആത്മവിശ്വാസത്തിലും ആ കാലത്തേയ്ക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്.

കണ്ണായ മണ്ഡലങ്ങൾ

വടക്കാഞ്ചേരി

അപ്രതീക്ഷിത വഴിത്തിരിവുകൾ സൃഷ്ടിക്കാറുള്ള വടക്കാഞ്ചേരി മണ്ഡലം ഇത്തവണയും ശ്രദ്ധാ കേന്ദ്രമാണ്. ലൈഫ് മിഷൻ ഫ്‌ളാറ്റ് വിവാദമാണ് സംസ്ഥാനതലത്തിൽ ഉറ്റുനോക്കുന്ന മണ്ഡലമായി വടക്കാഞ്ചേരിയെ മാറ്റിയത്. സിറ്റിംഗ് എം.എൽ.എ അനിൽ അക്കരയല്ലാതെ മറ്റൊരാളുടെ പേരും കോൺഗ്രസ് ഇവിടെ നിർദ്ദേശിച്ചിട്ടില്ല. പരോക്ഷമായി പ്രചാരണം തുടങ്ങുകയും ചെയ്തു. ഇവിടെ യുവനേതാവ് സേവ്യർ ചിറ്റിലപ്പിളളിയെ രംഗത്തിറക്കാനാണ് സി.പി.എം ആലോചിക്കുന്നത്. എം.കെ. കണ്ണനെയും പരിഗണിച്ചേക്കും. അഡ്വ. ഉല്ലാസ് ബാബുവും, റിഷി പൽപ്പുവുമാണ് എൻ.ഡി.എയുടെ സാദ്ധ്യതാ ലിസ്റ്റിലുള്ളത്.

തൃശൂർ

മന്ത്രി വി.എസ് സുനിൽ കുമാർ മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യം മാസങ്ങൾക്കു മുൻപേ ഉയർന്ന് ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. പത്മജാ വേണുഗോപാൽ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും തൃശൂരിൽ സജീവമായിരുന്നു പത്മജ. അഡ്വ.ബി. ഗോപാലകൃഷ്‌ണനോ സന്ദീപ് വാര്യരോ തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥികളാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. ചുരുക്കത്തിൽ, സംസ്ഥാനതലത്തിൽ ശ്രദ്ധേയരായ സ്ഥാനാർത്ഥികൾ തന്നെയാകും മൂന്ന് മുന്നണികൾക്കുമെന്ന് ഉറപ്പ്.

കുന്നംകുളം

മന്ത്രി എ.സി. മൊയ്തീന്റെ സ്ഥാനാർത്ഥിത്വവും കുന്നംകുളത്ത് ഏതാണ്ട് ഉറപ്പായിരുന്നു. ഇന്നലെ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം കഴിഞ്ഞതോടെ ആ ഉറപ്പ് ശക്തമായി. സി.എം.പിയിൽ നിന്ന് ഏറ്റെടുത്ത മണ്ഡലത്തിൽ കോൺഗ്രസ് യുവരക്തങ്ങളെ രംഗത്തിറക്കുമെന്നാണ് സൂചന. എന്നാൽ, കെ. അജിത്ത് കുമാർ, ടി.വി ചന്ദ്രമോഹൻ, ബ്‌ളോക്ക് പ്രസിഡന്റ് ജയശങ്കർ എന്നിവർക്കും സാദ്ധ്യതയേറെയാണ്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ, അനീഷ് ഇയ്യാൽ എന്നിവരിൽ ഒരാളാകും എൻ.ഡി.എ സ്ഥാനാർത്ഥി.