
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി എ.സി. മൊയ്തീനെ വീണ്ടും കുന്നംകുളത്ത് മത്സരിപ്പിക്കാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. മന്ത്രി സി. രവീന്ദ്രനാഥ് മത്സരിക്കില്ല, പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായ കെ.കെ രാമചന്ദ്രൻ രംഗത്തിറങ്ങും.
മത്സരിക്കാനില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പാർട്ടിയെ അറിയിച്ചിരുന്നു. ഗുരുവായൂരിൽ കെ.വി. അബ്ദുൾ ഖാദറിന് പകരം, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനെയാണ് പരിഗണിക്കുന്നത്. വടക്കാഞ്ചേരിയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളിയോ മുതിർന്ന നേതാവ് എം.കെ. കണ്ണനോ മത്സരിച്ചേക്കും. ചാലക്കുടിയിൽ ബി.ഡി. ദേവസി, ഇരിങ്ങാലക്കുടയിൽ നഗരസഭാ കൗൺസിലറും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ആർ. വിജയ, ചേലക്കരയിൽ സിറ്റിംഗ് എം.എൽ.എ യു.ആർ. പ്രദീപ്, മണലൂരിൽ സിറ്റിംഗ് എം.എൽ.എ മുരളി പെരുനെല്ലി തുടങ്ങിയവരും പട്ടികയിലുണ്ട്. ഇരിങ്ങാലക്കുടയിൽ യു.പി. ജോസഫിന്റെ പേരും ഉയർന്നിട്ടുണ്ട്.
അതേസമയം, സിറ്റിംഗ് സീറ്റുകളായ ചാലക്കുടിയും ഇരിങ്ങാലക്കുടയും ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.
ഘടകക്ഷികൾക്ക് വിട്ടു നൽകുന്നില്ലെങ്കിൽ ചാലക്കുടിയിൽ സിറ്റിംഗ് എം.എൽ.എ ബി.ഡി. ദേവസിയും, ഇരിങ്ങാലക്കുടയിൽ കെ.ആർ വിജയയും ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന സെക്രട്ടറി
എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റുകൾ തയ്യാറാക്കുന്ന സാദ്ധ്യതാ പട്ടികയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.