
തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികൾക്കായി നെട്ടോട്ടം ഓടുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പല മുന്നണികളും പേരിന് ഓരോരുത്തരെ മാത്രം സ്ഥാനാർത്ഥികളാക്കി തടിതപ്പുന്നു. പലയിടത്തും ജയസാദ്ധ്യതയേക്കാൾ പ്രാതിനിദ്ധ്യം എന്ന അർത്ഥത്തിലാണ് സീറ്റുകൾ നൽകുന്നത്.
വിജയസാദ്ധ്യതയും തുടർഭരണവും ലക്ഷ്യം വയ്ക്കുന്നതിനാൽ സി.പി.എം വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം കൂട്ടാനുള്ള സാദ്ധ്യത വിദൂരമാണ്. മിക്കവാറും ഒന്നിൽ ഒതുക്കിയേക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മഹിളാ അസോസിയേഷൻ നേതാവ് കെ.ആർ വിജയ എന്നിവരാണ് പട്ടികയിൽ ഇടം നേടാൻ സാദ്ധ്യതയുള്ളത്.
മേരി തോമസ് സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുള്ളത് വടക്കാഞ്ചേരിയിലാണ്. കഴിഞ്ഞ തവണ ഇവിടെ നിന്ന് 43 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. എന്നാൽ ഇവിടെ ആദ്യ പരിഗണനയിലുള്ളത് സേവ്യർ ചിറ്റിലപ്പിള്ളി , എം.കെ കണ്ണൻ എന്നിവരാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മേരി തോമസ് മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചിരുന്നു. എന്നാൽ തുടർ അവസരം നൽകിയില്ല. ഇരിങ്ങാലക്കുട ഘടക കക്ഷികൾക്ക് നൽകിയില്ലെങ്കിൽ കെ.ആർ വിജയയെ പരിഗണിച്ചേക്കും. കോൺഗ്രസിൽ പത്മജ വേണുഗോപാൽ , ഡോ. നിജി ജസ്റ്റിൻ, സോണിയ ഗിരി എന്നിവരാണ് പരിഗണനയിലുള്ളത്. ഇതിൽ പത്മജ തൃശൂരിൽ ഉറപ്പിച്ചതോടെ രണ്ടാമതൊരു വനിതയ്ക്ക് സാദ്ധ്യത കുറവാണ്. ഒല്ലൂർ, പുതുക്കാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് നിജി ജസ്റ്റിന്റെ പേരുള്ളത്. സോണിയാ ഗിരിയുടെ പേര് കൊടുങ്ങല്ലൂർ മണ്ഡലത്തിലാണുള്ളത്. നിലവിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സണാണ്.
സി.പി.ഐയുടെ പരിഗണനയിൽ ഗീത ഗോപി, തൃശൂരിൽ സാറാമ്മ റോബ്‌സൺ എന്നിവരാണുള്ളത്. രണ്ട് വനിതകളെ മത്സരിപ്പിക്കാനുള്ള സാദ്ധ്യത വിരളമാണ്. ഗീത ഗോപിയെ നാട്ടികയിൽ നിലനിറുത്തിയാൽ തൃശൂരിൽ സാറാമ്മയെ പരിഗണിച്ചേക്കില്ല. ബി.ജെ.പി ഗുരുവായൂരിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, തൃശൂരിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ്ണ എന്നിവരെയാണ് പരിഗണിക്കുന്നത്. അവരും അവസാനം ജില്ലയിൽ ഒരു വനിതാ സ്ഥാനാർത്ഥി എന്ന പരിഗണനയാകും നൽകുക. എൻ.ഡി.എ മുന്നണിയുടെ ഭാഗമായി ബി.ഡി.ജെ.എസിൽ നിന്ന് അഡ്വ. സംഗീത വിശ്വനാഥനും പോരാട്ടത്തിന് ഇപ്രാവശ്യവും ഇറങ്ങിയേക്കും. ഇതു കൂടാതെ മുന്നണിക്ക് ജയസാദ്ധ്യത കുറഞ്ഞ ഇടങ്ങളിൽ പൊതുസ്വതന്ത്രരായി വനിതാ നേതാക്കളെ പരിഗണിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
സാദ്ധ്യതാ പട്ടികയിൽ ഉള്ളവർ
മേരി തോമസ്, കെ.ആർ വിജയ (സി.പി.എം)
ഗീതാ ഗോപി, സാറാമ്മ റോബ്‌സൺ (സി.പി.ഐ)
പത്മജ വേണുഗോപാൽ, നിജി ജസ്റ്റിൻ, സോണിയാ ഗിരി (കോൺഗ്രസ്)
എം.എസ് സമ്പൂർണ്ണ, അഡ്വ. നിവേദിത (ബി.ജെ.പി)
അഡ്വ. സംഗീത വിശ്വനാഥൻ (ബി.ഡി.ജെ.എസ്)
വനിതാ എം.എൽ.എമാർ നാലു പേർ മാത്രം
നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ നാല് വനിതകൾ മാത്രമാണ് ഇതുവരെ എം.എൽ.എമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് മീനാക്ഷി തമ്പാൻ രണ്ട് തവണ, ചാലക്കുടി, മണലൂർ മണ്ഡലങ്ങളിൽ നിന്ന് ഒരോ തവണ റോസമ്മ ചാക്കോയും തിരഞ്ഞെടുക്കപ്പെട്ടു. ചാലക്കുടി മണ്ഡലത്തിൽ നിന്നും സാവിത്രി ലക്ഷ്മണൻ, നാട്ടിക മണ്ഡലത്തിൽ നിന്ന് ഗീതാ ഗോപിയും രണ്ട് തവണ വീതം വിജയിച്ചിട്ടുണ്ട്.