പുതുക്കാട്: പുതുക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ. രാജേശ്വരിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ആമ്പല്ലൂരിലും പരിസര പ്രദേശങ്ങളിലുമാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ജില്ലയിൽ നിന്നും കോൺഗ്രസ് വനിത പ്രതിനിധിയായി രാജേശ്വരിയെ പരിഗണിക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. കഴിഞ്ഞ ടേമിൽ അഞ്ചു വർഷം അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജേശ്വരി ഇപ്പോൾ വൈസ് പ്രസിഡന്റാണ്. കോൺഗ്രസ് നേതൃത്വം തൃശൂരിൽ പത്മജ വേണുഗോപാലിനെ പരിഗണിക്കുകയാണെങ്കിൽ ജില്ലയിൽ മറ്റൊരു വനിതയെ കൂടി പരിഗണിക്കാനുള്ള സാദ്ധ്യത ഇല്ലെന്നിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺഗ്രസിന്റ സ്ഥാനാർത്ഥി പട്ടികയിൽ പുതുക്കാട് നിന്നും കെ.പി.സി.സി സെക്രട്ടറിമാരിലൊരായ ടി.ജെ സനീഷ് കുമാർ, ജോസഫ് ടാജറ്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം ബാബുരാജ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. ജാതി സമവാക്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ കെ.എം ബാബുരാജിന് കൂടുതൽ പരിഗണന കിട്ടിയേക്കും.