
തൃശൂർ : സി.പി.ഐയുടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ഇന്ന് ആരംഭിക്കും. രണ്ട് ദിവസത്തിനുള്ളിൽ ലിസ്റ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയേക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എക്‌സിക്യുട്ടീവ് യോഗം ചേരും.
സംസ്ഥാന നേതൃത്വത്തിന്റെ മാർഗ നിർദ്ദേശം അനുസരിച്ചായിരിക്കും സ്ഥാനാർത്ഥി നിർണ്ണയം.
മൂന്ന് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കേണ്ടായെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം. ഇത് പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ യോഗത്തിൽ അവതരിപ്പിച്ച ശേഷമായിരിക്കും പേരു നിർദ്ദേശിക്കാൻ ആവശ്യപ്പെടുക. മൂന്ന് പേരുടെ പേരാണ് വാങ്ങുക. ഇതോടെ മന്ത്രി വി.എസ് സുനിൽ കുമാർ മത്സരിച്ചേക്കില്ലെന്ന് എതാണ്ട് ഉറപ്പായി. അതേസമയം തൃശൂരിൽ പകരം ആരെന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം തുടരുകയാണ്. ഒരു പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
പാർട്ടിതലത്തിൽ ജില്ലാ അസി. സെക്രട്ടറി പി. ബാലചന്ദ്രൻ, കോർപറേഷൻ കൗൺസിലർ സാറാമ്മ റോബ്‌സൺ എന്നിവരുടെ പേരുകൾക്ക് പുറമേ യുവജന നേതാക്കളുടെ പേരുകളും പരിഗണനയിലുണ്ട്. നാട്ടികയിൽ ഗീതാ ഗോപിക്ക് ഒരിക്കൽ കൂടി അവസരം നൽകിയാൽ തൃശൂരിൽ വനിതാ സ്ഥാനാർത്ഥി വന്നേക്കില്ലായെന്നാണ് സൂചന. നാട്ടികയുടെ തീരുമാനം അനുസരിച്ചായിരിക്കും തൃശൂരിലെ സ്ഥാനാർത്ഥി നിർണ്ണയം.
ഒല്ലൂരിൽ കെ. രാജൻ തന്നെയാകും സ്ഥാനാർത്ഥി. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ വത്സരാജിനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. അങ്ങനെ വന്നാൽ കയ്പ്പംഗലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഒരിടത്ത് വത്സരാജിനെ മത്സരിപ്പിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഇന്ന് നടക്കുന്ന യോഗത്തിൽ പാർട്ടിയുടെ ജില്ലാ ചുമതല വഹിക്കുന്ന സി.എൻ ജയദേവൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.
കയ്പമംഗലത്ത് കോൺഗ്രസിൽ അഭിപ്രായ ഭിന്നത
കൊടുങ്ങല്ലൂർ: കയ്പമംഗലത്ത് ആർ.എസ്.പിക്ക് സീറ്റ് വേണ്ടായെന്ന് പറഞ്ഞിട്ടും കോൺഗ്രസ് അതേറ്റെടുക്കാൻ തയ്യാറാകാത്തതിനെ ചൊല്ലി കോൺഗ്രസിൽ മുറുമുറുപ്പ്. പ്രദേശത്തുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കയ്പമംഗലം സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്നും ഇവിടെ യുവരക്തത്തെ നിറുത്തി മത്സരിക്കണമെന്നും അഭിപ്രായമുള്ളവരാണ്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഈ ആവശ്യം ഉയർത്തിക്കഴിഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗവും കയ്പമംഗലം സീറ്റ് ഏറ്റെടുക്കണമെന്ന നിലപാടുള്ളവരാണ്. അതിനായി അവർ സാദ്ധ്യതാ ലിസ്റ്റും ഉണ്ടാക്കിക്കഴിഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ തദ്ദേശവാസി ശോഭ സുബിനാണ് ഈ ലിസ്റ്റിൽ മുന്നിൽ. മണ്ഡലത്തിൽ ഏറെ ബന്ധങ്ങളുണ്ടെന്നും യുവാക്കളുടെ ഇടയിൽ ശക്തമായ സ്വാധീനമുണ്ടെന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. തീരദേശത്ത് ഏറെ സ്വാധീനമുള്ള ധീവര സമുദായ അംഗമാണ് ശോഭ സുബിൻ.
അതേസമയം മുസ്ളിം വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖല കൂടി ആയതിനാൽ ആ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെയും പരിഗണിക്കുന്നുണ്ട്. കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം എം.കെ അബ്ദുൾ സലാം, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം നാസർ, അഡ്വ. വി.എം മൊഹിയുദ്ദീൻ എന്നിവരും ഇത്തരത്തിൽ പരിഗണനയിലുണ്ട്. ആർ.എസ്.പിയുടെ സ്ഥാനാർത്ഥിയാണെങ്കിൽ യു.ഡി.എഫിനെ പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുമെന്ന ആശങ്കയും കോൺഗ്രസുകാർ പങ്കു വയ്ക്കുന്നുണ്ട്. ശോഭ സുബിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പ്രവർത്തിക്കുന്നുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു. സി.പി.ഐയുടെ ഇ.ടി ടൈസൺ മാസ്റ്ററാണ് സിറ്റിംഗ് എം.എൽ.എ. ഇദ്ദേഹം തന്നെ ഇവിടെ മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.