
തൃശൂർ : ജില്ലകളിൽ നിന്നുള്ള സ്ഥാനാർത്ഥി പട്ടികകൾ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിട്ടതോടെ പ്രഖ്യാപനത്തിനായി കണ്ണുംനട്ട് സ്ഥാനാർത്ഥി മോഹികളും പാർട്ടി നേതൃത്വങ്ങളും. സി.പി.ഐ ഒഴിച്ച് എല്ലാ പാർട്ടികളും മണ്ഡലങ്ങളിൽ നിന്നുള്ള അഭിപ്രായം ശേഖരിച്ച് സംസ്ഥാന നേതൃത്വങ്ങൾക്ക് തീർപ്പ് കൽപ്പിക്കുന്നതിനായി വിട്ടു കഴിഞ്ഞു.
സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് ഇന്ന് ജില്ലാ എക്‌സിക്യുട്ടീവ് യോഗവും തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ മണ്ഡലം കമ്മിറ്റികളുടെ യോഗവും ചേർന്ന് ലിസ്റ്റ് തയ്യാറാക്കി നൽകും.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പട്ടിക തയ്യാറാക്കി നൽകിയിരുന്നു. സിറ്റിംഗ് എം.എൽ.എമാരിൽ സി. രവീന്ദ്രനാഥ്, കെ.വി അബ്ദുൾ ഖാദർ, കെ.യു അരുണൻ എന്നിവരൊഴികെ ബാക്കി എല്ലാവരും മത്സരിച്ചേക്കും. ഇതിൽ ചാലക്കുടി ഘടകക്ഷികൾക്ക് കൈമാറിയില്ലെങ്കിൽ ബി.ഡി ദേവസി തന്നെ സ്ഥാനാർത്ഥിയാകും. വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളിയും എം.കെ കണ്ണനും ഇരിങ്ങാലക്കുടയിൽ കെ.ആർ വിജയ, പ്രൊഫ.ആർ. ബിന്ദു എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
കോൺഗ്രസിന്റെ ലിസ്റ്റ് ഡി.സി.സി നേതൃത്വം ഒരാഴ്ച്ച മുമ്പ് കൈമാറിയിരുന്നു. ഓരോ മണ്ഡലത്തിലും നാലും അഞ്ചും പേരുകളാണ് ഉള്ളത്. പ്രധാന നേതാക്കൾക്കെല്ലാം സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. പത്മജ, എം.പി വിൻസന്റ്, അനിൽ അക്കര എന്നിവരെല്ലാം മത്സരരംഗത്ത് ഉണ്ടായേക്കും. വടക്കാഞ്ചേരിയിൽ അനിൽ അക്കര ഇതിനോടകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പട്ടികയിൽ ഉൾപ്പെട്ടവർ ഹൈക്കമാൻഡ് തലത്തിൽ വരെ പിടിമുറുക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ലിസ്റ്റ് നേതൃത്വത്തിന്റെ പരിഗണനയിലാണ്.
കഴിഞ്ഞ ദിവസം രൂപീകരിച്ച സ്ഥാനാർത്ഥി നിർണ്ണയ സമിതി ലിസ്റ്റ് പരിശോധിച്ച ശേഷം കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയാണ് പ്രഖ്യാപനം നടത്തുക. എ.എൻ രാധാകൃഷ്ണൻ, എ. നാഗേഷ്, കെ.കെ അനീഷ് കുമാർ, ബി. ഗോപാലകൃഷ്ണൻ, അഡ്വ. നിവേദിത എന്നിവരുടെ സ്ഥാനാർത്ഥിത്വം ഉറപ്പായി. ബി.ഡി.ജെ.എസും സ്ഥാനാർത്ഥി പട്ടിക നേതൃത്വത്തിന് കൈമാറി.