തൃശൂർ: ജില്ലയിലെ സംവരണ മണ്ഡലങ്ങളിൽ തുടർച്ചയായി മത്സരിച്ച് വിജയിക്കുന്നത് ഒരേ സമുദായക്കാരെന്ന് സാംബവ മഹാസഭ. നാട്ടിക, ചേലക്കര മണ്ഡലങ്ങളിലാണ് ഒരേ സമുദായക്കാർ സ്ഥാനാർത്ഥികളായി തുടരുന്നെതന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് കുറ്റപ്പെടുത്തി. 67 സംവരണ സമുദായങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിന് കാരണക്കാർ സി.പി.ഐയും സി.പി.എമ്മും ആണെങ്കിലും ഇതര രാഷ്ട്രീയ പാർട്ടികളും സർവ സമുദായ നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിൽ ഇടതു സ്ഥാനാർത്ഥിയായി ജമീല ബാലൻ പരിഗണിക്കെപ്പടുന്നത് സാംബവ സമുദായത്തിന് അനുകൂലമാണ്. വൈക്കം, മാവേലിക്കര, അടൂർ, കുന്നത്തുർ, ആറ്റിങ്ങൽ, ചിറയൻകീഴ് അടക്കം സംവരണ സീറ്റുകളിൽ സാംബവ സമുദായത്തിലെ സ്ഥാനാർത്ഥികളെ കൂടി പരിഗണിക്കാൻ പാർട്ടികളും മുന്നണികളും തയ്യാറാകണം.
അവസര നിഷേധത്തിന് എതിരെ കഴിഞ്ഞ മാസം രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടി ക്കാഴ്ച നടത്തിയെങ്കിലും നടപടികൾ അനുകൂലമല്ല. സമുദായത്തെ പരിഗണിച്ചില്ലെങ്കിൽ കക്ഷി രാഷ്ട്രീയം നോക്കാതെ സമുദായം തങ്ങളുടെ രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ പ്രഖ്യാപിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടികജാതി സാംബവ സമുദായത്തിന് രാഷ്ട്രീയ നീതിയും സർവ സമുദായ പരിഗണനയും നൽകണം. ഇതിന് രാഷ്ട്രീയ പാർട്ടികൾ മത സമുദായിക സമവാക്യ കാഴ്ചപ്പാട് മാറ്റുകയാണ് വേണ്ടത്. ഭൂമി, പാർപ്പിടം, തൊഴിൽ, എയ്ഡഡ് സ്വകാര്യ മേഖലയിലെ സംവരണം സംബന്ധിച്ചും പർട്ടികളും മുന്നണികളും നയം വ്യക്തമാക്കണമെന്ന് ശങ്കർദാസ് ആവശ്യപ്പെട്ടു.
എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ പുതിയേടത്ത്, ഡയറക്ടർ ബോർഡ് അംഗം എ.വി അനിലൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. സുബ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.