തൃശൂർ: കടലാസിന്റെ ക്ഷാമവും വിലവർദ്ധനവും മൂലം അച്ചടി സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.പി.എ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡിനെ തുടർന്ന് ഇറക്കുമതി വൈകുന്നതും കൂടുതൽ ഉപയോഗമുള്ള വിദേശ നിർമ്മിത ആർട്ട് പേപ്പറിന് വൻ ക്ഷാമവുമുണ്ട്. മൂന്നു മാസത്തിനുള്ളിൽ കിലോഗ്രാമിന് 60 രൂപയിൽ നിന്നും 90 ആയി. ഇന്ത്യൻ പേപ്പർ ഉത്പാദന കമ്പനികളും വില കൂട്ടുന്നു. മഷി, കെമിക്കൽസ് അടക്കം അനുബനധ സാമഗ്രികൾക്കും വില കൂടി. കൊവിഡ് പശ്ചാത്തലത്തിൽ ജോലി ഏറെ കുറവുമാണ് ലഭിക്കുന്നത്. ഇക്കാര്യങ്ങളാൽ കേരളത്തിലെ 3000 പ്രിന്റിംഗ് പ്രസുകൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് ഉപ്പത്ത് വാർത്താ സമ്മേളത്തിൽ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ അച്ചടി ജോലികൾ കേരളത്തിലെ പ്രസുകൾക്ക് നൽകണമെന്നും അദ്ദേഹം രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് ഫാക്ടറി നവീകരിച്ച് നല്ലയജിനം പേപ്പർ നിർമിക്കുന്നതിന് നടപടികൾ വേണം. കടലാസിന്റെ വില വർദ്ധനയും ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യെപ്പട്ടു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സക്രട്ടറി രവി പുഷ്പഗിരി, ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം, ജില്ലാ സെക്രട്ടറി പി. ബിജു, ജില്ലാ ട്രഷറർ സി.കെ ഷിജുമോൻ എന്നിവരും പങ്കെടുത്തു.