ചേർപ്പ്: പെരുവനം - ആറാട്ടുപുഴ പൂരങ്ങളുടെ ഭാഗമായി കൊച്ചിൻ ദേവസ്വം ബോർഡ് അനുവദിച്ചിരുന്ന തുക വെട്ടിക്കുറച്ചതിനാൽ പൂരം നടത്തിപ്പ് പ്രതിസന്ധിയിലായെന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു. ഈ മാസം 23നാണ് പെരുവനം പൂരം. 26ന് ആറാട്ടുപുഴ പൂരവും. 24 ഘടക ക്ഷേത്രങ്ങൾ ഈ ദേവമേളയിൽ പങ്കാളികളാണ്. പൂരം നടത്തിപ്പിലേക്ക് സെൻട്രൽ കമ്മിറ്റിക്ക് അനുവദിച്ച തുക 78 ശതമാനത്തോളം വെട്ടി കുറച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറക്കിയിരുന്നു. കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകുവാനും കമ്മിറ്റി തീരുമാനിച്ചു. പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ കുമാരൻ അദ്ധ്യക്ഷനായി. ഇ.വി കൃഷ്ണൻ നമ്പൂതിരി, രവീന്ദ്രൻ അന്തിക്കാട്, എം. രാജേന്ദ്രൻ, വാസപ്പൻ ചാത്തക്കുടം, രാജീവ് ചേർപ്പ്, ശശീധരൻ നെട്ടിശേരി എന്നിവർ പങ്കെടുത്തു.