
അന്തിക്കാട്: കാർത്ത്യായനി ക്ഷേത്രത്തിന് ദൃശ്യ ചാരുതയേകി പരമ്പരാഗത കേരളീയ ചുമർചിത്ര ശൈലിയിൽ വരച്ച അഷ്ടലക്ഷ്മിയുടെ ചിത്രരചന പൂർത്തിയാകുന്നു. ചിത്രത്തിന്റെ അവസാന മിനുക്ക് പണിയായ കറുപ്പ് നിറങ്ങളുടെ രചനയിലാണ് കലാകാരന്മാർ. ക്ഷേത്രത്തിന്റെ പ്രധാന പ്രതിഷ്ഠയായ ദേവീക്ഷേത്രത്തിന്റെ ശ്രീകോവിൽ ചുമരുകളിലായി വീര ലക്ഷ്മി, ഗജലക്ഷ്മി, സന്താന ലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നീ എട്ട് ദേവിമാരുടെ ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സോപാനത്തിന് മുൻവശത്തായുള്ള ചുമരിൽ ബാലഗണപതിയുടെ ചിത്രവും ചിത്രങ്ങൾക്ക് മുകളിലായി വനമാലചിത്രവും വരച്ചിട്ടുണ്ട്. രണ്ട് മാസം സമയമെടുത്ത് ചുമർചിത്ര കലാകാരൻ എം. നളിൻ ബാബുവിന്റെ നേതൃത്വത്തിൽ ജയൻ അക്കിക്കാവ്, സുനിൽ വാക, രാമചന്ദ്രൻ പൈങ്കുളം എന്നിവർ ചേർന്നാണ് രചന നിർവഹിച്ചത്.
രാംകുമാർ കാട്ടാനിലിന്റെ വക വഴിപാടായാണ് ചിത്രങ്ങൾ സമർപ്പിക്കുന്നത്. കേരളീയ ചുമർ ചിത്രങ്ങളിലെ രജോഗുണ പ്രധാനമായ മഞ്ഞ നിറത്തിൽ കാവിചുവപ്പു വർണങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങളുടെ സമർപ്പണവും നേത്രോന്മീലനവും 15ന് രാവിലെ 7.30ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിക്കും. പെരുവനം കുട്ടൻ മാരാർ, അഡ്വ. എ.യു രഘുരാമപണിക്കർ, ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.