banana

പുതുക്കാട്: കേരളത്തിലെ നേന്ത്രവാഴ കർഷകർക്ക് ഇനി അഭിമാനിക്കാം. വിളവെടുക്കുന്ന നേന്ത്രക്കുലകൾ ഇനി കപ്പൽ കയറി ലണ്ടനിലെത്തും. നേന്ത്രവാഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വികാസ് യോജനയും സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള വി.എഫ്.പി.സി.കെയും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി തുറമുഖത്തു നിന്നും നേന്ത്രക്കായകൾ ലണ്ടനിലേക്ക് കയറ്റിഅയക്കും. കൃഷി മന്ത്രി വി.എസ് സുനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം നടപ്പാക്കിയ പദ്ധതിയിൽ പുതുക്കാട് വി.എഫ്.പി.സി.കെ കർഷക സമിതി അംഗം ജോബി ആലപ്പാടൻ പാട്ട ഭൂമിയിൽ കൃഷി ചെയ്ത ആയിരത്തോളം കായക്കുലകളാണ് കപ്പൽ കയറുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന്റെ കീഴിലുള്ള ട്രിച്ചിയിലെ നാഷണൽ റിസർച്ച് ഫോർ ബനാനയിലെ ശാസ്തജ്ഞരുടെ നേതൃത്വത്തിലാണ് കൃഷി മുതൽ പാക്കിംഗ് വരെയുള്ള പ്രവൃത്തികൾ ആസൂത്രണം ചെയ്യുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ നേന്ത്രപ്പഴത്തിന് സ്വീകാര്യത വർദ്ധിച്ചാൽ ഉയർന്ന വില ലഭിക്കുമെന്ന പ്രത്യാശയിലാണ് കർഷകർ. ട്രിച്ചി നാഷണൽ റിസർച്ച് ഫോർ ബനാനയിലെ പ്രിൻസിപ്പൽ സയന്റിസ് ഡോ. വി. കുമാർ, വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ജഹാംഗീർ, ഡെപ്യൂട്ടി മാനേജർ ബബിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്.


കൃഷിയും പരിചരണവും

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൃഷിയുടെ നടീൽ ഉദ്ഘാടനം കേരള കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി.എ രാമകൃഷ്ണൻ നിർവഹിച്ചു. കാഞ്ഞൂപ്പാടം റോഡിനോട് ചേർന്ന് ഒരേക്കർ സ്ഥലത്തായിരുന്നു കൃഷി. നടീൽ മുതൽ വിളവെടുപ്പ് വരെ ഓരോ ഘട്ടവും വി.എഫ്.പി.സി.കെയിലെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലായിരുന്നു. ആഴ്ചയിൽ കൃഷിയിടത്തിലെത്തുന്ന ഇവർ ട്രിച്ചിയിലെ നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനയിലെ ശാസ്ത്രജ്ഞരുടെ ഉപദേശങ്ങളും നിർദേശങ്ങളും തേടി.


കൃഷിരീതി


ജൈവ രാസവളങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയമായാണ് കൃഷി ചെയ്യുന്നത്. മൈക്രോ സ്പ്രിംഗ്‌ളർ രീതിയിലായിരുന്നു ജലസേചനം. വാഴ കുലച്ചാൽ പോളി പ്രൊപ്പലിൻ ഷീറ്റ് ഉപയോഗിച്ച് വാഴക്കുലകൾ മൂടും. 70 മുതൽ 80 ശതമാനം വരെ വളർച്ചയെത്തുമ്പോഴാണ് വിളവെടുപ്പ്. കുല വെട്ടി പടലകൾ വായു കടക്കുന്ന പെട്ടികളിലാക്കി ശീതീകരിച്ച വാഹനത്തിൽ വി.എഫ്.പി.സി.കെയുടെ മൂവാറ്റുപുഴ നട്ടൂക്കരയിലെ പാക്ക് ഹൗസിലേക്ക് മാറ്റും. പിന്നീട് കുമിൾനാശിനി ഉപയോഗിച്ച് കഴുകിയെടുക്കന്ന പടലകൾ സോപ്പ് ലായനി, വെള്ളം എന്നിവയിൽ കഴുകിയെടുത്ത ശേഷം 13.5 ഡിഗ്രി ഊഷ്മാവ് നിലനിറുത്തുന്ന ചേംബറുകളിലാക്കി കപ്പൽ കയറ്റും. ഡെവലപ്‌മെന്റ് ഒഫ് സീ പ്രോട്ടോക്കോൾ ഫോർ എക്‌സ്‌പോർട്ട് നേന്ത്രൻ ടു യൂറോപ്പ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കയറ്റി അയക്കൽ നടപടി.