വടക്കാഞ്ചേരി: ചൂട് കടുത്തതോടെ വടക്കാഞ്ചേരി പുഴയിലെ വെള്ളം പൂർണ്ണമായും വറ്റി. പുഴയിലെ വെള്ളം ലഭിയ്ക്കാത്തതിനാൽ പുഴവെള്ളം ആ ശ്രയിച്ച് പച്ചക്കറി കൃഷിയിറക്കിയ കർഷകർ ദുരിതത്തിലായി. പാടങ്ങളിൽ മകര കൊയ്ത്ത് കഴിഞ്ഞെങ്കിലും വാഴാനി അണക്കെട്ടിൽ നിന്നും ഇതുവരെയും വെള്ളം തുറന്നു വിട്ടിട്ടില്ല. ഇതുമൂലം ഗ്രാമങ്ങളിലെ കിണറുകളിലെയും വെള്ളം വറ്റി കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന അവസ്ഥയാണ്. ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചാണ് മിക്ക സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം തീർക്കുന്നത്.
വാഴാനി ഡാമിൽ നിന്നും കുടിവെള്ളത്തിനായി പുഴയിലൂടെയും കനാലിലൂടെയും വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിലെ പ്രതിപക്ഷ കൗസിലർമാർ ഇറിഗേഷൻ ഓഫീസർക്ക് നിവേദനം നൽകി. കൗൺസിലർമാരായ കെ. അജിത്കുമാർ, വൈശാഖ് നാരായണസ്വാമി, ബുഷറ റഷീദ്, ജോയൽ മഞ്ഞില, നബീസ സാസ റലി, കമലം ശ്രീനി വാസൻ എന്നിവർ പങ്കെടുത്തു.