കൊടുങ്ങല്ലൂർ: വാളയാറിൽ പെൺകുട്ടികളെ കൊല ചെയ്ത സംഭവത്തിൽ പ്രതികളെ സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് തലമുണ്ഡനം ചെയ്ത് ആരംഭിച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ സമാന സമരം നടത്തി. വിദ്യാർത്ഥിയായ ശ്രീനാരായണപുരം മണത്തല രാജന്റെ മകൾ തനൂജ, മനുഷ്യാവകാശ പ്രവർത്തകൻ ബിജു ഇട്ടിത്തറ, ശ്രീനാരാണ ദർശനവേദി പ്രതിനിധി എൻ.ബി അജിതൻ, കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ താലൂക്ക് സെക്രട്ടറി പി.വി സജീവ്കുമാർ എന്നിവരാണ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. എയ്ഡഡ് മേഖല സംവരണ സമര സമിതി സംസ്ഥാന കൺവീനർ സന്തോഷ് പാലത്തുംപാടൻ ഉദ്ഘാടനം ചെയ്തു. എൻ.ബി അജിതൻ അദ്ധ്യക്ഷനായി.