mani

ചാലക്കുടി: കലാഭവൻ മണിയുടെ വേർപാടിന് ഇന്ന് അഞ്ചാണ്ട് തികയുന്നു. വെള്ളിത്തിരയിലും ജനസഹസ്രങ്ങൾക്ക് മുന്നിലും അത്ഭുതങ്ങളുടെ കലാവിസ്മയം സൃഷ്ടിച്ച മഹാപ്രതിഭ ചാലക്കുടിയുടെ ഇടനാഴികളിൽ ഇന്നുമുണ്ടെന്ന് വിശ്വസിക്കാനാണ് നാട്ടുകാർക്ക് ഇഷ്ടം.

തനതായ നാടൻ ശൈലിയിലൂടെ ചലച്ചിത്രലോകത്തെ കീഴടക്കി, ഒടുവിൽ അതിലേറെ കോളിളക്കവുമുണ്ടാക്കി കാലയവനികയിലേക്ക് മറഞ്ഞ കറുത്തമുത്തിന്റെ ഓർമ്മകൾ ഇന്നും തളം കെട്ടിനിക്കുന്നുണ്ട് ചേനത്തുനാട്ടിലും മണിക്കൂടാരത്തിലും. മരണം മാടിവിളിച്ച പാഡിയും കൂട്ടൂകാരോടൊപ്പം ആഹ്ലാദത്തിന്റെ പെരുമ്പറ മുഴക്കിയ ഇടവഴികളും ഇന്നു ശോകമൂകം.

മണിക്കൂടാരത്തിലെ തെക്കെ പുറത്തുള്ള കല്ലറ പൂക്കളാൽ നിറഞ്ഞിട്ടുണ്ട്. കൊവിഡിന്റെ ഭീഷിണിയിൽ ആരാധകരുടെ സന്ദർശനം കുറഞ്ഞെങ്കിലും ശവകുടീരം ഇന്നും ഗാംഭീര്യതയുടെ കാലാ സ്പന്ദനം. 2016 മാർച്ച് ആറിനാണ് ഇടപ്പള്ളി അമൃത ആശുപത്രിയിൽ മണിയുടെ അന്ത്യം. രണ്ടു ദിവസം ചേനത്തുനാട്ടിലെ പാഡിയിൽ അബോധാവസ്ഥയിലായിരുന്ന കലാഭവൻ മണിയെ പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് ആന്തരികാവയവ പരിശോധാ ഫലം പുറത്തുവന്നതോടെ വിഷയം കോളിളത്തിലേക്ക് നീങ്ങി.ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയും കേസ് അന്വേഷിച്ചെങ്കിലും മണിയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. എങ്കിലും ബന്ധുക്കളെപ്പോലെ തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ മനസിലും ഇപ്പോഴും സംശയം ബാക്കി കിടക്കുന്നു.