തൃശൂർ: അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലിട്ട കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് വ്യാപകമാവുന്നതായി പരാതി. കോർപറേഷൻ കിഴക്കുംപാട്ടുകര ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയൽ ഇതുസംബന്ധിച്ച് മേയർക്ക് രേഖാമൂലം പരാതി നൽകി. അമൃത് കുടിവെള്ള പദ്ധതി പൈപ്പുകൾ അശാസ്ത്രീയമായി സ്ഥാപിച്ചതിനാലാണ് വ്യാപകമായി പൊട്ടുന്നതെന്നാണ് ആക്ഷേപം. പൈപ്പുകൾ വ്യാപകമായി പൊട്ടി വെള്ളം പാഴായി പോകുന്ന അവസ്ഥയാണുള്ളത്. പൈപ്പുകൾ അശാസ്ത്രീയമായി കുഴിച്ചിട്ടതും നിലവാരമില്ലാത്ത പൈപ്പുകൾ സമ്മർദം തങ്ങാത്തത് മൂലവുമാണ് പൊട്ടുന്നത്. കിഴക്കുംപാട്ടുകര ഡിവിഷനിൽ മേൽപ്പറഞ്ഞ പൈപ്പ് പൊട്ടൽ നിരന്തരമായി ആവർത്തിക്കുകയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടന്ന അമൃത് പദ്ധതിയിലെ പൈപ്പിടലിലെ അപാകതകൾ കൗൺസിൽ ചർച്ച ചെയ്ത് അനുയോജ്യമായ അന്വേഷണം നടത്തി പദ്ധതിയിൽ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ജോൺ ഡാനിയൽ പരാതിയിൽ ആവശ്യപ്പെട്ടു.