kdr-kavu

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ചടങ്ങുകളിൽ മാത്രം ഒതുക്കുമെന്ന് കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് 10 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ല. കോഴിക്കല്ല് മൂടൽ ചടങ്ങിന് കൊടുങ്ങല്ലൂർ ഭഗവതി വീട്ടുകാർക്കും, വടക്കെ മലബാറിലെ തച്ചോളി തറവാട്ടുകാർക്കും നിയന്ത്രണ വിധേയമായി പ്രവേശനം നൽകും. ഭരണി ആഘോഷത്തിന്റെ പ്രധാന ദിനമായ അശ്വതി നാളിൽ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ക്ഷേത്രത്തിലെ കിഴക്കെ നടയിലെ നിലപാട് തറയിൽ ഏഴുന്നള്ളി ചുവന്ന പട്ടുകൊട നിവർത്തി കാവുതീണ്ടാൻ അനുമതി നൽകുമ്പോൾ പരമ്പരാഗത അവകാശിയായ പാലക്കവേലൻ മാത്രമായിരിക്കും കാവ് തീണ്ടുക.

ഭരണി നാളിൽ പാരമ്പര്യ അവകാശികളായ ശാലിയ സമുദായക്കാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ വെന്നിക്കൊടി ഉയർത്തലും കുശ്മാണ്ഡ ബലിയും നടക്കും. പൂർണമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടത്തുകയെന്ന് അവർ പറഞ്ഞു. 24ന് നടതുറപ്പിന് ശേഷം ഒരാഴ്ചക്കാലം കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകുന്നതിനായി സന്നിഹിതനായിരിക്കും.

ദേവസ്വം മെമ്പർ വി.കെ. അയ്യപ്പൻ, ക്ഷേത്രം തന്ത്രി താമരശ്ശേരി മേക്കാട്ടു മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്, അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ മിനി, വലിയ തമ്പുരാന്റെ പ്രതിനിധി സുരേന്ദ്രവർമ്മ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.