ഇന്നും നാളെയും മണ്ഡലം കമ്മിറ്റികൾ
തൃശൂർ: സി.പി.ഐയുടെ സ്ഥാനാർത്ഥിപ്പട്ടിക എട്ടിന് സംസ്ഥാന നേതൃത്വത്തിനു കൈമാറും. ഇന്നലെ ജില്ലാ എക്സിക്യൂട്ടിവ് യോഗം ചേർന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയാക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് നിന്നുള്ള മാർഗ നിർദേശം യോഗത്തിൽ അവതരിപ്പിച്ചു. ഇന്നും നാളെയുമായി പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിൽ യോഗം ചേർന്നു പട്ടിക തയ്യാറാക്കും.
മൂന്നു പേരുടെ ലിസ്റ്റാണ് മണ്ഡലങ്ങളിൽ നിന്ന് വാങ്ങുക. അതിനു ശേഷം എട്ടിനു വീണ്ടും ജില്ലാ എക്സിക്യൂട്ടിവ് യോഗം ചർച്ച ചെയ്തു ലിസ്റ്റ് കൈമാറും. മൂന്നു തവണ മത്സരിച്ചവരെ ഒഴിവാക്കിയാകും ലിസ്റ്റ് തയ്യാറാക്കുക. നിലവിൽ തൃശൂരിൽ വി.എസ്. സുനിൽ കുമാർ മാത്രമാണ് മൂന്നു തവണ മത്സരിച്ച സിറ്റിംഗ് എം.എൽ.എമാർ. ഇതിനിടെ പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
സുനിൽ കുമാറിന് പകരം തൃശൂരിൽ മത്സരിപ്പിക്കണോ, അതോ മറ്റ് സിറ്റിംഗ് എം.എൽ.എ മാരിൽ ഒരാളെ ഒഴിവാക്കി വത്സരാജിനെ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മണ്ഡലങ്ങളിലെ നേതാക്കളുടെ വികാരം അനുസരിച്ചായിരിക്കും തീരുമാനം. അതേസമയം ജില്ലാ എക്സിക്യൂട്ടിവ് വത്സരാജിന് അനുകൂല തീരുമാനം എടുത്താലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതായിരിക്കും.
നിലവിൽ ഒല്ലൂർ, കയ്പമംഗലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ എല്ലാം ആദ്യ തവണ മത്സരരംഗത്തു വരികയും വിജയിച്ചവരുമാണ്. അതിനാൽ അവരിൽ ഒരാളെ മാത്രം മാറ്റുന്നത് തിരിച്ചടിയാകുമോയെന്നതും പാർട്ടി വിലയിരുത്തിയ ശേഷം മാത്രമാകും തീരുമാനം എടുക്കുക. യോഗത്തിൽ കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി. സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, പി. ബാലചന്ദ്രൻ, വി.എസ്. സുനിൽ കുമാർ, കെ. രാജൻ എന്നിവർ സംബന്ധിച്ചു.