
മാള: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ വ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചാൽ സാദ്ധ്യതാ പട്ടികയിൽ നിന്ന് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ടി.യു രാധാകൃഷ്ണൻ പുറത്തായേക്കും. തുടർച്ചയായി രണ്ട് തവണ പരാജയപ്പെട്ടവർക്ക് സീറ്റ് നൽകില്ലെന്ന പാർട്ടി നിലപാടാണ് കെ.പി.സി.സി സെക്രട്ടറി കൂടിയായ ടി.യു രാധാകൃഷ്ണന്റെ സാദ്ധ്യത ഇല്ലാതാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിലും മുമ്പ് മാളയിലും പരാജയപ്പെട്ടിരുന്നു. എന്നാൽ ഇതിനിടയിൽ ഒരു തവണ മത്സരിക്കാതിരുന്നതിനാൽ ഈ വ്യവസ്ഥ ബാധകമല്ലെന്നും വാദമുണ്ട്. ഡി.സി.സി നേതൃത്വം നൽകിയ സാദ്ധ്യതാ പട്ടികയിൽ ടി.യു രാധാകൃഷ്ണന്റെ പേരുണ്ട്. കോൺഗ്രസിലെ ഐ വിഭാഗം മുന്നോട്ടുവച്ച പ്രധാന പേര് മുൻ എം.എൽ.എ കൂടിയായ ടി.യു രാധാകൃഷ്ണന്റേതാണ്. എന്നാൽ ഉമ്മൻ ചാണ്ടി നയം വ്യക്തമാക്കിയതോടെ ഐ വിഭാഗം നേതാവായ രാധാകൃഷ്ണന്റെ സാദ്ധ്യത മങ്ങി. മണ്ഡലം മുൻ ധാരണയനുസരിച്ച് എ വിഭാഗത്തിന് ലഭിച്ചാൽ എം.ടി ജയന്റെ പേരാണ് പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. എറണാകുളം ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റായ ജയൻ മിൽമ എറണാകുളം മേഖലാ ബോർഡ് അംഗവും മുൻ ചെയർമാനുമാണ്. മണ്ഡലത്തിൽ കൂടുതൽ പരിചയസമ്പന്നനുമാണ് എം.ടി ജയൻ. ജില്ലയിൽ വനിതാ പ്രാതിനിധ്യം കർശനമായി നടപ്പാക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയതിലൂടെ കൊടുങ്ങല്ലൂരിൽ സോണിയാ ഗിരിക്ക് സാദ്ധ്യത വർദ്ധിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സണായ സോണിയാ ഗിരി മികച്ച പ്രതിച്ഛായയുള്ള നേതാവുമാണ്. എ വിഭാഗത്തിന്റെ പിന്തുണയും ഇവർക്കുണ്ട്. ഈഴവ വിഭാഗത്തിന് പരിഗണനയില്ലെന്ന പരാതിക്ക് തടയിടാനും കോൺഗ്രസ് നേതൃത്വം ശ്രമിച്ചേക്കും. അതേസമയം തുടക്കം മുതൽ കേൾക്കുന്ന പ്രധാന പേരുകളിൽ ഒന്നാണ് സി.എസ് ശ്രീനിവാസന്റേത്. അന്നമനടക്കാരനായിരുന്ന ശ്രീനിവാസന് മണ്ഡലത്തിൽ ബന്ധമുണ്ടെന്നതും കെ.സി വേണുഗോപാലുമായുള്ള അടുത്ത ബന്ധവും സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയന്റെ പേരും സജീവ പരിഗണനയിലുണ്ട്.