flags


തൃശൂർ: സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികകൾ ജില്ലയിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലെത്തിയതിന് പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നത് കാത്ത് കണ്ണും നട്ടിരിക്കുകയാണ് നേതാക്കൾ. അതേസമയം, സി.പി.എം സ്ഥാനാർത്ഥികളെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ അറിയിക്കും. നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ച് അയച്ച പട്ടികയിൽ ഭേദഗതി വരുത്തിയ സാഹചര്യത്തിലാണ് റിപ്പോർട്ടിംഗ്. സിറ്റിംഗ് എം.എൽ.എമാരിൽ സി. രവീന്ദ്രനാഥ്, കെ.വി. അബ്ദുൾ ഖാദർ, ബി.ഡി. ദേവസി, യു.ആർ. പ്രദീപ്, പ്രൊഫ. കെ.യു. അരുണൻ എന്നിവർക്ക് സീറ്റില്ല. പുതുക്കാട് മന്ത്രി സി. രവീന്ദ്രനാഥിന് പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായ കെ.കെ. രാമചന്ദ്രൻ മത്സരിക്കും. മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കും. യു.ആർ. പ്രദീപിനെ മാറ്റിയാണ് ചേലക്കരയിൽ കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിൽ, മത്സരിക്കാനില്ലെന്ന് രാധാകൃഷ്ണൻ അറിയിച്ചുവെങ്കിലും മന്ത്രി എ.കെ. ബാലൻ മത്സരരംഗത്തില്ലാത്തതിനാൽ തുല്യമായ പരിഗണനയിലാണ് ഈ തീരുമാനം. ഇരിങ്ങാലക്കുടയിൽ പ്രൊഫ. കെ.യു. അരുണനെ മാറ്റി. പകരം മുൻ മേയറും കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പലും എ. വിജയരാഘവന്റെ ഭാര്യയുമായ ഡോ. ആർ. ബിന്ദുവിനെയാണ് തീരുമാനിച്ചിരിക്കുന്നത്.

കടുപ്പിച്ച് സി.പി.എം.


രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചവർക്ക് ഇളവ് നൽകേണ്ടെന്ന കർശന നിലപാടിലാണ് സി.പി.എം. അതുകൊണ്ടുകൂടിയാണ് ജില്ലാ കമ്മിറ്റി നൽകിയ പട്ടികയിലെ പേരുകൾ ഒഴിവാക്കിയത്. വടക്കാഞ്ചേരിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റുമായ സേവ്യർ ചിറ്റിലപ്പിള്ളിയെയാണ് നിയോഗിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് ഇവിടെ സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണനെയായിരുന്നു പരിഗണിച്ചിരുന്നത്. ഗുരുവായൂരിൽ അബ്ദുൾ ഖാദറിന് പകരം ചാവക്കാട് നഗരസഭാ മുൻ ചെയർമാനും, സി.പി.എം ഏരിയാ സെക്രട്ടറിയുമായ എൻ.കെ. അക്ബർ സ്ഥാനാർത്ഥിയാകും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നത്. സംസ്ഥാന കമ്മിറ്റിയാണ് അക്ബറിന്റെ പേര് തീരുമാനിച്ചത്. ചാലക്കുടിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ യു.പി. ജോസഫും സ്ഥാനാർത്ഥിയാകും. നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ച കുന്നംകുളത്ത് എ.സി.മൊയ്തീൻ, മണലൂരിൽ മുരളി പെരുനെല്ലി എന്നിവർ മാത്രമാണ് സിറ്റിംഗ്എം.എൽ.എമാരിൽ മൽസരിക്കാനിറങ്ങുന്നത്.


പ്രതീക്ഷ കൈവിടാതെ കോൺഗ്രസ് നേതാക്കൾ


കോൺഗ്രസിന്റെ ലിസ്റ്റ് ഡി.സി.സി നേതൃത്വം ഒരാഴ്ച മുമ്പ് കൈമാറിയിരുന്നു. ഓരോ മണ്ഡലത്തിലും നാലും അഞ്ചും പേരുകളാണ് ഉള്ളത്. പ്രധാന നേതാക്കൾക്കെല്ലാം സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാണ് പ്രധാനനേതാക്കൾ പങ്കിടുന്നത്. വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്ക്ക് വേണ്ടി ചുവരെഴുത്തും പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. പത്മജ വേണുഗോപാൽ, എം.പി. വിൻസെന്റ് എന്നിവർ മത്സരിക്കുമെന്നും ഏതാണ്ട് ഉറപ്പായി. പട്ടികയിൽ ഉൾപ്പെട്ടവർ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ ഹൈക്കമാൻഡ് തലത്തിൽ വരെ പിടിമുറുക്കിയിട്ടുണ്ട്.


കേന്ദ്ര അനുമതി കാത്ത് ബി.ജെ.പി

ബി.ജെ.പിയുടെ ലിസ്റ്റ് നേതൃത്വത്തിന്റെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം രൂപീകരിച്ച സ്ഥാനാർത്ഥി നിർണയ സമിതി ലിസ്റ്റ് പരിശോധിച്ച ശേഷം കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയാകും പ്രഖ്യാപനം നടത്തുക. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ വിജയയാത്ര സമാപിച്ചശേഷമാകും ഇത്. എ.എൻ രാധാകൃഷ്ണൻ, എ. നാഗേഷ്, കെ.കെ. അനീഷ് കുമാർ, ബി. ഗോപാലകൃഷ്ണൻ, അഡ്വ. നിവേദിത എന്നിവരുടെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പായി. ബി.ഡി.ജെ.എസും പട്ടിക നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.