election

തൃശൂർ : സി.പി.എം സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ചർച്ച ചെയ്യാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് നൽരകിയ പട്ടികയിൽ സമൂലമായ മാറ്റം സംസ്ഥാന കമ്മിറ്റി നടത്തി വീണ്ടും സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാൻ വിട്ടിരിക്കുകയാണ്. ഗുരുവായൂരിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണിന് പകരം മുൻ ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ, ഇരിങ്ങാലക്കുടയിൽ പേ് നൽകിയ കെ.ആർ.വിജയയ്ക്ക് പകരം സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ പ്രൊഫ. ആർ.ബിന്ദു, വടക്കാഞ്ചേരിയിൽ പ്രഥമ പരിഗണന നൽകിയിരുന്ന എം.കെ.കണ്ണന് പകരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യാർ ചിറ്റിലപ്പിള്ളി, ചേലക്കരയിൽ സിറ്റിംഗ് എം.എൽ.എക്ക് പകരം കെ.രാധകൃഷ്ണൻ എന്നിവരെയാണ് സംസ്ഥാന നേതൃത്വം പരിഗണിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചയാണ് പ്രധാനമായും നടക്കുക. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ സെക്രട്ടറിയേറ്റും അംഗീകരിക്കാനാണ് സാദ്ധ്യത. ചേലക്കരയിൽ കെ.രാധകൃഷ്ണനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് സംസ്ഥാന സമിതി വീണ്ടും ടചർച്ച നടത്തും.ഇരിങ്ങാലക്കുടയിൽ ബിന്ദുവിനെ പരിഗണിക്കുന്നതിൽ എതിർപ്പ് ശക്തമാണ്. പാർട്ടിയിൽ സജീവ സാന്നിദ്ധ്യമായവരെ മാറ്റി ബിന്ദുവിനെ കൊണ്ടു വരുന്നതിൽ എതിർപ്പുണ്ട്. ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ആർ.വിജയ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവരെ പരിഗണിക്കാതിരുന്നതിൽ നേതാക്കൾക്കിടയിൽ അമർഷമുണ്ട്. കഴിഞ്ഞ തവണ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച മേരി തോമസ് അനിൽ അക്കരയോട് 43 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചിട്ടും അവർക്ക് ജില്ലാ പഞ്ചായത്തിലേക്ക് തുടർ അവസരം നൽകുകയോ, നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കാതിരുന്നതും ചർച്ചയായിട്ടുണ്ട്. അതേ സമയം ബിന്ദു മേയറായിരിക്കെ നടന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തകർന്നടിഞ്ഞത് അവരുടെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന ആരോപണവും ഉയർത്തുന്നുണ്ട്. ചാലക്കുടിയിൽ യു.പി.ജോസഫിന് പകരം കെ.വി.സുമേഷിനെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ചട്. അതേ സമയം വടക്കാഞ്ചേരിയിൽ കഴിഞ്ഞ തവണ സേവ്യാർ ചിറ്റിലപ്പിള്ളിയെ അവസാന നിമിഷം വരെ പരിഗണിച്ച ശേഷം മാറ്റി നിർത്തുകയായിരുന്നു. വീണ്ടും അദ്ദേഹത്തെ പരിഗണിച്ചത്തിൽ ഒരു വിഭാഗം ആഹ്‌ളാദത്തിലാണ്.