wadakkanchery

തൃശൂർ: നിസാര വോട്ടുകൾക്ക് വലത്തോട്ട് ചാഞ്ഞ മണ്ഡലത്തെ വരുതിയിലാക്കാൻ ഇടതുപക്ഷവും ലൈഫ് ഫ്‌ളാറ്റ് അഴിമതി പ്രചരണ വിഷയമാക്കി ഭൂരിപക്ഷം കൂട്ടാമെന്ന കണക്കുകൂട്ടലിൽ വലതുപക്ഷവും രംഗത്തിറങ്ങുമ്പോൾ വടക്കാഞ്ചേരിയിലെ രാഷ്ട്രീയപ്പോരിന് മാനങ്ങളേറെ. ശക്തമായ സാന്നിദ്ധ്യമായി ബി.ജെ.പിയും മത്സരം കനപ്പിക്കുന്നു.
അനിൽ അക്കര തന്നെയാകും യു.ഡി.എഫിനായി രണ്ടാമങ്കത്തിനിറങ്ങുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് ജയിച്ച ഒരേയൊരു മണ്ഡലമാണ് വടക്കാഞ്ചേരി. എൽ.ഡി.എഫിലെ മേരി തോമസിനെ 43 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
ഭൂരിപക്ഷം കൂട്ടാനുള്ള പ്രവർത്തനവുമായി അനിൽ അക്കര രംഗത്തിറങ്ങിക്കഴിഞ്ഞു. വികസന പ്രവർത്തനം തുറന്നുകാട്ടി മണ്ഡലത്തിലുടനീളം വികസന യാത്രയും നടത്തി. പുഴയ്ക്കൽ പാലം, മുതുവറ ജംഗ്ഷൻ വികസനം, മണ്ഡലത്തിലെ എൽ.ഇ.ഡി നവീകരണം തുടങ്ങിയ വികസന കാര്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.
ലൈഫ് പദ്ധതിയെ വിവാദമാക്കിയ പശ്ചാത്തലത്തിൽ വടക്കാഞ്ചേരിയിലെ ജയം അനിവാര്യമാണ് സി.പി.എമ്മിന്. യുവനേതാവും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മലിനീകരണ നിയന്ത്രണ ബോർഡംഗവുമായ സേവ്യർ ചിറ്റിലപ്പിള്ളിയുടെ പേരിനാണ് മുൻതൂക്കം. മുൻ എം.എൽ.എയായ എം.കെ കണ്ണന്റെ പേരും പരിഗണനയ്ക്ക് വന്നിരുന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ നേട്ടം ഗുണമാകുമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ അനിൽ അക്കരയുടെ തട്ടകമായ അടാട്ട് പഞ്ചായത്ത് ജയിക്കുകയും വടക്കാഞ്ചേരി നഗരസഭ ഉൾപ്പെടെ എൽ.ഡി.എഫ് നിലനിർത്തുകയും ചെയ്തിരുന്നു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്. ഉല്ലാസ് ബാബുവാണ് എൻ.ഡി.എ പരിഗണിക്കുന്നവരിൽ ഒരാൾ. എഴുത്തച്ഛൻ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ ആ സമുദായത്തിന്റെ പിന്തുണ ഉല്ലാസിന് ലഭിക്കുമെന്ന കണക്ക് കൂട്ടലും ഉണ്ട്. ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവിന്റെ പേരും എൻ.ഡി.എ ഇവിടെ പരിഗണിക്കുന്നുണ്ട്.

8 പഞ്ചായത്ത് 1 നഗരസഭ

തൃശൂർ താലൂക്കിലെ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ പഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് വടക്കാഞ്ചേരി മണ്ഡലം.

വലത്തോട്ട് ചാഞ്ഞിരുന്ന മണ്ഡലം

വലത്തോട്ടുള്ള ചായ്‌വ് എല്ലാക്കാലത്തും പ്രകടമാക്കിയ മണ്ഡലമാണ് വടക്കാഞ്ചേരി. 1977 മുതൽ കോൺഗ്രസിലെ കെ.എസ് നാരായണൻ നമ്പൂതിരി തുടർച്ചയായി 5 തവണ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1996 ലും 2001 ലും കോൺഗ്രസിലെ വി. ബാലറാം വിജയിച്ചു. 2004 ൽ അന്നത്തെ വൈദ്യുതി മന്ത്രി കെ. മുരളീധരനെ തോൽപ്പിച്ച് എ.സി മൊയ്തീൻ മണ്ഡലം ഇടതിനൊപ്പം നിർത്തി. 2006 ലും എ.സി മൊയ്തീൻ വിജയിച്ചു. പിന്നീട് 2011 ൽ സി.എൻ ബാലകൃഷ്ണൻ വീണ്ടും മണ്ഡലം യു.ഡി.എഫിനൊപ്പം നിർത്തി. 2016 ൽ അനിൽ അക്കര വിജയിച്ചു.


മണ്ഡലം ഇങ്ങനെ

2016 ലെ കണക്ക് പ്രകാരം

വോട്ടർമാർ 1,97,483
അനിൽ അക്കര (യു.ഡി.എഫ്) 65,535
മേരി തോമസ് (എൽ.ഡി.എഫ്) 65,492
ഉല്ലാസ് ബാബു (ബി.ജെ.പി) 26,652.