ചാലക്കുടി: കലാഭവൻ മണിയുടെ വേർപാടിന് അഞ്ചാണ്ടു തികയുമ്പോഴും മനംനിറഞ്ഞ അനുസ്മരണ ചടങ്ങുകളുമായി ചാലക്കുടി. നഗരത്തിലുടനീളം ഫ്‌ളക്‌സ് ബോർഡുകളും ശ്രാദ്ധാഞ്ജലി നേരുന്ന ഛായാചിത്രങ്ങളും നിറഞ്ഞുനിന്നു. സൗത്ത് ജംഗ്ഷനിലെ ആട്ടോ തൊഴിലാളികൾ പതിവുപോലെ ഉച്ചക്കഞ്ഞി വിതരണം ചെയ്താണ് തങ്ങളുടെ പ്രിയപ്പെട്ട കലാകാരന്റെ സ്മരണ അയവിറക്കിയത്.

ചേനത്തുനാട്ടിലെ മണിക്കൂടാരത്തിലും സ്മരണാഞ്ജലി ഒരുക്കി. മണിയുടെ കല്ലറയിൽ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ പുഷാപ്പാർച്ചന നടത്തി. മുൻ ചെയർമാൻ അഡ്വ. കെ.ബി. സുനിൽകുമാർ, യു.എസ്. അജയകുമാർ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സതീഷ് എന്നിവരും പുഷ്പാർച്ചനയ്ക്കെത്തി.
ആട്ടോ തൊഴിലാളിയിൽ നിന്നു തുടങ്ങി തെന്നിന്ത്യൻ സിനിമാ ലോകത്തെ ത്രസിപ്പിച്ച അഭിനയ മികവ് കാഴ്ചവച്ച ചാലക്കുടിയുടെ പ്രിയപ്പെട്ട മണിക്കായി ഒരു സ്മാരകം തട്ടകത്തിൽ ഒരുങ്ങുകയാണ്. സർക്കാർ ഇതിനായി നേരത്തെ 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലത്തിന്റെ അഭാവം തടസ്സമായി.

വീണ്ടും സർക്കാർ തന്നെ ഇതിനായി ഭൂമിയും നൽകി. ആദ്യത്തെ പുത്തുപറമ്പ് മൈതാനിയിലാണ് 20 സെന്റ് സ്ഥലം നീക്കിവച്ചത്. കൊവിഡ് പ്രതിസന്ധിയിൽ വൈകിപ്പോയ നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിക്കൽ ഇനി അടുത്ത സർക്കാരിന്റെ ചുമതലയാണ്.