തൃശൂർ : പൂരം അതിന്റെ പ്രൗഢിയോടെ നടത്താൻ കേരള സർക്കാർ ഉചിതമായ നടപടികളെടുക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം വളരെ കുറഞ്ഞുവെന്ന് സർക്കാർ തന്നെ അവകാശപെടുന്ന സാഹചര്യത്തിൽ പൂരം അതിന്റെ മുൻകാല പ്രൗഢിയിൽ ആചാര അനുഷ്ഠാനങ്ങളോടെ തന്നെ നടത്താൻ സർക്കാർ ഉടൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള തൃശൂർ പൂരം അതിന്റെ തനിമ ചോരാതെ നടത്താൻ കഴിഞ്ഞാൽ തൃശൂരിന്റെ ടൂറിസം ഹോട്ടൽ അനുബന്ധ വ്യവസായങ്ങൾക്ക് കൊവിഡിന് ശേഷം വലിയ ഒരു ഉണർവ്വ് നൽകാൻ കഴിയും. കൊവിഡ് വ്യാപനം കുറയുകയും പൊതു രാഷ്ട്രീയ പരിപാടികൾക്ക് അനുമതി നൽകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം പ്രദർശനം നടത്താനും അനുമതി നൽകണമെന്നും ഡി.സി.സി സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടു.