തൃശൂർ: കുടിനീർ ജീവജലമാകുന്ന ഉരുകുന്ന ചൂടിൽ, തേക്കിൻ കാട് മൈതാനിയിൽ ഇനി പക്ഷി മൃഗാദികൾക്ക് ദാഹിച്ചു വലയേണ്ട. ദാഹജലമൊരുക്കി കരുതൽ തീർത്തിട്ടുണ്ട്, ജില്ലാ ഭരണകൂടം. കിളികൾക്കായി വെള്ളം നിറച്ച 50 കുടുക്കകളും നാൽക്കാലികൾക്കായി രണ്ട് വെള്ളത്തൊട്ടിയും കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ 'ഫ്‌ളഡ് ടീം' എന്ന സന്നദ്ധസംഘടന തേക്കിൻ കാട്ടിൽ സ്ഥാപിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഫയർ ഫോഴ്‌സിന്റെ സഹകരണത്തോടെയാണ് ഫ്‌ളഡ് ടീം തേക്കിൻ കാട്ടിൽ ജീവജാലങ്ങൾക്ക് ദാഹജലം ഒരുക്കിയത്. 2018ലെ പ്രളയകാലത്ത് കളക്ടറുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണ് ഫ്‌ളഡ് ടീം. മൂന്ന് വർഷമായി വേനലിൽ ഇവർ പക്ഷി മൃഗാദികൾക്ക് ദാഹജലം ഒരുക്കുന്നുണ്ട്. 45 ഓളം അംഗങ്ങൾ ഈ സംഘത്തിൽ ഉണ്ട്.

ജില്ലാ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ അരുൺ ഭാസ്‌കർ, ഫ്‌ളഡ് ടീം സന്നദ്ധസേന സംഘാടകർ മിജി അനിൽ, ജിത്ത് ലാൽ, മറ്റ് അംഗങ്ങൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.