ചാലക്കുടി: നിയോജക മണ്ഡലത്തിലെ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറോളം പ്രവർത്തകർ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡെന്നീസ് കെ. ആന്റണിയാണ് എട്ട് നേതാക്കളുമായി വാർത്താ സമ്മേളനം നടത്തി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തയാഴ്ച ചാലക്കുടിയിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കുന്ന യോഗത്തിൽ പുതുതായി എത്തിയ പ്രവർത്തകർക്ക് അംഗത്വം നൽകുമെന്ന് നേതാക്കൾ വ്യക്തമാക്കി.
സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വലിയ വികസന പ്രവർത്തനങ്ങളുമാണ് എൽ.ഡി.എഫിന്റെ ഭാഗമാകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഡെന്നീസ് ആന്റണി പറഞ്ഞു. കൊരട്ടി മുൻ പഞ്ചായത്ത് അംഗം ഡേവിസ് മൂലൻ, കോൺഗ്രസ് കൊരട്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി.ബി. രാജു, പരിയാരം മണ്ഡലം സെക്രട്ടറി സാജു തോമസ്, ബേബി കല്ലറയ്ക്കൽ തുടങ്ങിയവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.