
തൃശൂർ : കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.ടി.യു.സി തൃശൂർ നിയോജകമണ്ഡലം സമ്മേളനം. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും മുതിർന്ന നേതാവ് ടി.വി ചന്ദ്രമോഹനും പങ്കെടുത്ത വേദിയിലാണ്, ഐ.എൻ.ടി.യു.സി കടുത്ത അവഗണന നേരിടുകയാണെന്ന് ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി വിമർശനമുന്നയിച്ചത്.
പോസ്റ്ററൊട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും മാത്രമുള്ളവരല്ല ഐ.എൻ.ടി.യു.സി തൊഴിലാളികളെന്ന് നേതൃത്വം ഓർമ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 55 ഡിവിഷനുകളുള്ള തൃശൂർ കോർപറേഷനിൽ ഐ.എൻ.ടി.യു.സി ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തൃശൂർ നിയോജകമണ്ഡലം പ്രസിഡന്റിനായി ഐ.എൻ.ടി.യു.സി സീറ്റ് ആവശ്യപ്പെട്ടപ്പോൾ ജാതി പറഞ്ഞ് സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നും സുന്ദരൻ കുറ്റപ്പെടുത്തി. സമ്മേളനം ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തൃശൂർ നിയോജകമണ്ഡലം പ്രസിഡന്റ് വി.എ ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി ചന്ദ്രമോഹൻ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ഇ. ഉണ്ണിക്കൃഷ്ണൻ, ജോൺസൺ ആവോക്കാരൻ, കൗൺസിലർ ലാലി ജെയിംസ്, ജെയ്‌സൺ മാളിയേക്കൽ, കെ.എൽ ജെയ്‌സൺ എന്നിവർ സംസാരിച്ചു.