കോടാലി: മുരിക്കുങ്ങൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം ഭക്തിസാന്ദ്രം. വിശേഷാൽ പൂജകൾ, നവകം, പഞ്ചഗവ്യം, പൂരം എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കാവടിയാട്ടം, കാഴ്ചശീവേലി, പാണ്ടിമേളം, ദീപാരാധന, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടന്നു.
കിഴക്കുംമുറി, തെക്കുംമുറി, പടിഞ്ഞാട്ടുംമുറി, പുത്തനോളി ദേശക്കാർ ചേർന്ന് ആനപ്പൂരവും കിഴക്കുംമുറി പടിഞ്ഞാറുഭാഗം, കിഴക്കുംമുറി കിണർസെറ്റ്, ഇഞ്ചക്കുണ്ട് എന്നീ ദേശക്കാർ കാവടിയാട്ടവും നടത്തി. എഴുന്നള്ളിപ്പിന് തിരുവമ്പാടി ചന്ദ്രശേഖരൻ ദേവന്റെ തിടമ്പേറ്റി.
മേളത്തിന് കൊടകര ഉണ്ണി, കൊടകര അനൂപ്, കണ്ണമ്പത്തൂർ വേണുഗോപാൽ, കീനൂർ ദീപേഷ്, നന്തിപുലം അനിൽ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി കുഴിയേലി നകർണ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി തോക്കൂർ രാജേഷ് എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.